X

എടിഎമ്മില്‍ നിന്ന് പ്രതിദിനം 24,000 വരെ പിന്‍വലിക്കാം; ആഴ്ചയിലും 24,000 തന്നെ

കറന്റ് അക്കൗണ്ടുകള്‍, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ എന്നിവയ്ക്കുണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നീക്കംചെയ്തു.

നോട്ട് പിന്‍വലിക്കലിന് ശേഷം റിസര്‍വ് ബാങ്ക് എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി. എടിഎമ്മുകളില്‍ നിന്നും പ്രതിദിനം 24,000 രൂപ പിന്‍വലിക്കാമെന്നാണ് പുതിയ നീക്കം. നേരത്തെ ഇത് 10,000 ആയിരുന്നു. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപയ്ക്ക് മാറ്റമൊന്നുമില്ല.

ഫെബ്രുവരി ഒന്നുമുതലാണ് പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണവും ഉടന്‍ നീക്കം ചെയ്യുമെന്നാണ് ആര്‍ബിഐ പറയുന്നത്. അതേസമയം കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി പൂര്‍ണമായും നീക്കം ചെയ്തതായും റിസര്‍വ് ബാങ്ക് അറിയിച്ചു.

കറന്റ് അക്കൗണ്ടുകള്‍, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ എന്നിവയ്ക്കുണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നീക്കംചെയ്തു. അത് ഇന്ന് മുതല്‍ തന്നെ പ്രാബല്യത്തിലാണ്.

റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതാത് ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അനുമതിയുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.