X

സെന്‍കുമാറിനെ നീക്കി; ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍

അഴിമുഖം പ്രതിനിധി

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പുതിയ ഡിജിപി ആയി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. ടി പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയാണ് പുതിയ നിയമനം. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചു. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ നീക്കിയാണ് ജേക്കബ് തോമസിന്റെ നിയമനം. ഡിജിപി സ്ഥാനത്തു നിന്നു വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ടി പി സെന്‍കുമാറിന്റെ സ്ഥാനചലനം. പുതിയ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ജേക്കബ് തോമസ് നിലവില്‍ വഹിച്ചിരുന്ന പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചുമതലിയിലേക്ക് സെന്‍കുമാറിനെ മാറ്റി നിയമിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും തെറിച്ച ശങ്കര്‍ റെഡ്ഡിക്ക് പുതിയ ചുമതലയൊന്നും നല്‍കിയിട്ടില്ല.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഏവരും പ്രതീക്ഷിച്ചിരുന്നതാണ് പൊലീസ് തലപ്പത്തുള്ള അഴച്ചുപണി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് സര്‍ക്കാരുമായി നിരന്തരം ഏറ്റമുട്ടല്‍ നടത്തിയ വ്യക്തിയാണ്. തുടര്‍ന്ന് അദ്ദേഹത്തെ വിജിലന്‍സില്‍ നിന്നും സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഡിജിപി സെന്‍കുമാറും ഇടതുമുന്നണിക്ക് അനഭിമതനായ ഉദ്യോഗസ്ഥനായിരുന്നു. അതേസമയം കീഴ് വഴക്കങ്ങള്‍ തെറ്റിച്ചുള്ള നിയമനം വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 4:13 pm