X

ആദിത്യനാഥിന്റെ അറവുശാല നിരോധനം: സിംഹത്തിനും കടുവയ്ക്കും ചിക്കന്‍ വിളമ്പി യുപി; വന്യമൃഗങ്ങള്‍ പട്ടിണിയില്‍

25 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ച അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടല്‍ മൂലം കഷ്ടത്തിലായത് മനുഷ്യര്‍ക്കു പുറമെ മൃഗാലകളിലെ വന്യമൃഗങ്ങളും. ലക്‌നൗ, കാണ്‍പൂര്‍ മൃഗലാശാലകളും ഇട്ടാവ സഫാരി പാര്‍ക്കിലുമുള്ള സിംഹം, കടുവ തുടങ്ങിയവയ്ക്ക് ചിക്കനും മട്ടനും നല്‍കിയെങ്കിലും ഇവ കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍.

ലക്‌നൗ മൃഗശാലയില്‍ ദിവസവും 235 കിലോ പോത്ത്-എരുമ ഇറച്ചി ആവശ്യമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇവിടെ ലഭിച്ചിട്ടുള്ളത് 80 കിലോ മാത്രമാണ്. ഏഴ് കടുവകള്‍, നാല് വെള്ളക്കടുവകള്‍, എട്ട് സിംഹങ്ങള്‍, എട്ട് കരിമ്പുലികള്‍, 12 പുലികള്‍, രണ്ട് കഴുതപ്പുലികള്‍, രണ്ട് ചെന്നായകള്‍, രണ്ട് നരികള്‍ തുടങ്ങിയവയുണ്ട്. ഇവയ്ക്ക് ചിക്കനും മട്ടനും നല്‍കിയെങ്കിലും സിംഹങ്ങളും കടുവകളും കഴിഞ്ഞ രണ്ടു ദിവസമായി ഒന്നും തൊട്ടിട്ടില്ല എന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. സിംഹക്കുട്ടികള്‍ക്ക് ചെറുപ്രായം വരെ മാത്രമേ ചിക്കന്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെ മാംസം കൊടുക്കാറുള്ളൂ. അതിനു ശേഷം അവ പോത്ത്-എരുമ മാംസമാണ് ഭക്ഷിക്കാറ്.

മൃഗശാലയിലേക്ക് വേണ്ട മാസംത്തിന് സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ അറവുശാലകള്‍ അടച്ചു പൂട്ടിയതോടെ ഇവര്‍ക്ക് മാംസം ശേഖരിക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അംഗീകൃത അറവുശാലകളില്‍ നിന്ന് മാംസം ലഭിക്കാന്‍ സാധിക്കുമോ എന്ന ശ്രമത്തിലാണ് അധികൃതര്‍.

കഴിഞ്ഞ മൂന്നു ദിവസമായി കടുവകള്‍ക്ക് മാംസഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ഇട്ടാവ സഫാരി പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്. അവയ്ക്ക് ചിക്കനും മട്ടനും നല്‍കുന്നുണ്ടെങ്കിലും ഇവയില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവായതിനാല്‍ അതു മതിയാകുന്നില്ല. ഒരു ദിവസം ഒരു കടുവ എട്ടു മുതല്‍ 10 കിലോ വരെ ബീഫ് തിന്നാറുണ്ട്. അതാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇല്ലാതായിരിക്കുന്നത്.

കാണ്‍പൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മാംസം മാത്രം ഭക്ഷിച്ചു ജീവിക്കുന്ന 70 മൃഗങ്ങളാണുള്ളത്. കാണ്‍പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുള്ള നാല് അറവുശാലകള്‍ അടച്ചു പൂട്ടിയതോടെ ഇവിടെ നിന്നും മാംസം ലഭിക്കാതാവുകയും മൃഗങ്ങള്‍ നിര്‍ബന്ധിത പട്ടിണിയിലാവുകയും ചെയ്തതായി ജീവനക്കാര്‍ വ്യക്തമാക്കി. ഇവിടെ രണ്ട് കടുവകള്‍, രണ്ടു സിംഹങ്ങളുമുണ്ട്. ദിവസം ഇവയ്ക്ക് എട്ടു മുതല്‍ 12 കിലോ വരെ മാംസം വേണ്ടിവരുന്നുണ്ട്. നരി, കഴുതപ്പുലി തുടങ്ങിയവയ്ക്ക് രണ്ടു കിലോ വരെ മാംസം വേണ്ടി വരുന്നു. ഇവിടേക്ക് ഏകദേശം 150 കിലോ മാംസമാണ് ദിവസവും എത്തിയിരുന്നത്. അതാണ് ഇല്ലാതായത്.

അറവുശാലകള്‍ അടച്ചു പൂട്ടിയതോടെ ഏകദേശം 25 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ നഷ്ടം സംഭവിക്കുന്നു എന്നാണ് കണക്ക്.

This post was last modified on March 24, 2017 7:55 pm