അഴിമുഖം പ്രതിനിധി
പ്രതിപക്ഷത്തെ അവഹേളിക്കുന്നതിനായി നിയമസഭയുടെ നിയമങ്ങൾ ലംഘിക്കുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്ന് എം സ്വരാജ് എംഎൽഎ. ആർക്കും അത് പരിശോധിക്കാം, പഠിക്കാം, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എംഎൽഎ നിയമസഭയിൽ നടത്തിയ ബൈബിൾ പരാമർശം വിവാദമായിരുന്നു.
“മത്തായിയുടെ സുവിശേഷം ഏഴാം അധ്യായം ആറാം വാക്യം ഞാൻ ഇവിടെ വായിക്കുന്നില്ല, എന്നാൽ പ്രതിപക്ഷം അത് വായിച്ച് നോക്കണം” എന്നാണ് തൃപ്പുണിത്തുറ എംഎൽഎ എം സ്വരാജ് പറഞ്ഞത്.
ആ വാക്യം ഇങ്ങനെയാണ് ; “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു.”
എന്നാൽ ഈ പരാമർശം തങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് ബൈബിളിലെ വാക്യത്തെ കുറിച്ച് അറിവില്ല എന്നും പരിശോധിച്ച ശേഷം തീരുമാനം എടുക്കും എന്നും പ്രതികരിച്ചു.
ബൈബിൾ വായിച്ച ശേഷം റൂളിംഗ് നൽകാമെന്ന് പറഞ്ഞ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനും പ്രതിപക്ഷത്തിന്റെ വിമർശനത്തിന് പാത്രമായി.
സഭയുടെ മാന്യതയ്ക്ക് നിരക്കാത്തതായോ അശ്ലീലമായോ താൻ ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നും ആർക്കും അത് പരിശോധിക്കാം എന്നും എംഎൽഎ അഴിമുഖത്തോട് പറഞ്ഞു.
This post was last modified on December 27, 2016 4:21 pm
Leave a Comment