X

ഗോവിന്ദച്ചാമിയെയും തൂക്കിക്കൊല്ലരുത്; എം എ ബേബി

അഴിമുഖം പ്രതിനിധി

ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പക്കാരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളതെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വധശിക്ഷയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ള നിലപാട് ഒന്നുകൂടി വ്യക്തമാക്കി കൊണ്ട് ബേബി പ്രതികരിച്ചിരിക്കുന്നത്. വധശിക്ഷ വേണോ വേണ്ടയോ എന്ന ചര്‍ച്ചയില്‍ തനിക്കുള്ള മറുപടി എന്ന നിലയിലാണ് ബേബി ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പത്രത്തില്‍’ കൊല്ലരുത്’ എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയിരിക്കുന്നത്.

വധശിക്ഷയെക്കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ചകളില്‍ സിപിഐഎമ്മിനോട് ചോദിക്കുന്നൊരു ചോദ്യം, ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവു ചെയ്തുകിട്ടാന്‍ പാര്‍ട്ടി വക്കാലത്തെടുക്കുമോ എന്നാണ്. ബലാത്സംഗക്കൊലപാതക കേസുകളിലെ കുറ്റവാളികളെ തൂക്കിക്കൊല്ലേണ്ടേ എന്നും ഇവര്‍ ചോദിക്കുന്നു. ഗോവിന്ദച്ചാമിയുടെ കേസില്‍ പാര്‍ട്ടി വക്കാലത്തെടുക്കില്ല. പക്ഷെ വധശിക്ഷ അരുത് എന്നു പറയുമ്പോള്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷയും അരുത് എന്നുതന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ബേബി ഉറച്ചു പറയുന്നു. രാജീവ് ഗാന്ധിവധത്തില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചവരെ തടവിലിട്ടിരിക്കുന്നതുപോലെ സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദച്ചാമിയെയും ജീവിതാവസാനംവരെയും ശിക്ഷ റദ്ദുചെയ്യാതെ തടവിലിടണം.

ബലാത്സംഗക്കൊലക്കേസുകളിലെ പ്രതികള്‍ക്കും വധശിക്ഷ വേണ്ട എന്നത് സിപി ഐഎമ്മിന്റെ മാത്രം നിലപാടല്ല. ഇന്ദിര ജയ്‌സിങ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്ത്രീവാദ നിയമജ്ഞരും ഡല്‍ഹിയിലെ നിര്‍ഭയക്കേസില്‍ പ്രതികളെ കഠിനമായി ശിക്ഷിക്കണമെന്നു വാദിക്കുമ്പോഴും വധശിക്ഷ വേണ്ട എന്നുവാദിക്കുന്നവരാണെന്നും എം എ ബേബി ഓര്‍മ്മിപ്പിക്കുന്നു.

This post was last modified on December 27, 2016 3:18 pm