X

മഹാരാഷ്ട്രയില്‍ ബീഫ് വിറ്റാല്‍ (കഴിച്ചാലും) ഇനി ജയില്‍

അഴിമുഖം പ്രതിനിധി

ബീഫ് കഴിക്കുന്നവര്‍ ജാഗ്രതൈ… ഇനിമുതല്‍ മഹാരാഷ്ട്രയിലെങ്ങാനും ചെന്ന് ബീഫ് ആവശ്യപ്പെട്ടാല്‍ കുടുങ്ങിയത് തന്നെ. ഒരു പക്ഷേ നിങ്ങളെ പിന്നെ കാണുക ജയിലിലായിരിക്കും. മഹാരാഷ്ട്രയില്‍ ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് ഇനിമുതല്‍ അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് ബീഫ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് രാഷ്ട്രപതി അനുമതി നല്‍കിയത്.

1996ല്‍ അന്നത്തെ ബിജെപി-ശിവസേന സര്‍ക്കാരാണ് മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടിന്റെ ഭേദഗതി അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നത്. ഈ ആക്ടിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ അനുമതി നല്‍കിയത്. 1976ല്‍ തന്നെ മഹാരാഷ്ട്രയില്‍ ഗോവധ നിരോധന നിയമം പ്രാബല്യത്തിലുണ്ടെങ്കിലും അനുമതിയോടെ ഭക്ഷണത്തിനായി മാടുകളെ കൊല്ലാമായിരുന്നു. എന്നാല്‍ പുതിയ നിയമം നടപ്പിലാകുന്നതോടെ മാട്ടിറച്ചി പൂര്‍ണമായും നിരോധിക്കപ്പെടും. തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ഗോവധ നിരോധനത്തിന് അനുമതി നല്‍കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദി രേഖപ്പെടുത്തി.

This post was last modified on December 27, 2016 2:52 pm