ആമിര്‍ ഖാന്‌റെ ദംഗല്‍, മഹാവീര്‍ സിംഗ് ഫൊഗാട്ടിന്‌റേയും മക്കളായ ഗീതയുടേയും ബബിതയുടേയും മാത്രം കഥയല്ല. അത് മഹിമ റാത്തോഡിന്‌റേയും പിതാവ് രാജു റാത്തോഡിന്‌റേയും കൂടി കഥയാണ്. അതുകൊണ്ടാണ് ദംഗല്‍ കണ്ടപ്പോള്‍ 16കാരിയായ മഹിമയ്ക്ക് കരച്ചില്‍ വന്നത്. 2015-16ലെ 61ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ ജേതാവാണ് മഹിമ.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള ദുധാഗിരി ഗ്രാമത്തില്‍ നിന്നുള്ള ഒരേയൊരു ഗുസ്തിക്കാരിയാണ് മഹിമ റാത്തോഡ്. മഹിമയുടെ അച്ഛന്‍ മാത്രമല്ല മുത്തച്ഛനും മുതുമുത്തച്ഛനുമെല്ലാം അറിയപ്പെടുന്നു ഗുസ്തിക്കാരായിരുന്നു. അച്ഛന്‍ രാജു റാത്തോഡ് സംസ്ഥാനതല ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ദംഗല്‍ സിനിമയിലെ പോലെ ഗുസ്തിക്കാരനാക്കാന്‍ ആണ്‍കുട്ടിയെ ആഗ്രഹിച്ച അച്ഛനായിരുന്നു രാജു റാത്തോഡും. എന്നാല്‍ പിന്നിട് അതില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ രാജു മകളെ ഗുസ്തിക്കാരിയാക്കാന്‍ പരിശീലനം തുടങ്ങി. മഹിമയ്ക്ക് ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍. ആ സമയത്ത് തനിക്ക് മഹാവീര്‍ സിംഗ് ഫൊഗാട്ടിനേയും മക്കളേയും പറ്റി അറിയില്ലായിരുന്നുവെന്ന് രാജു റാത്തോഡ് പറയുന്നു.
ആദ്യം ആണ്‍കുട്ടികളാരും തന്നെ മഹിമയോടൊപ്പം പരിശീലനത്തിന് തയ്യാറായിരുന്നില്ല. പിന്നീട് ദംഗലിലെ പോലെ തന്നെ മകളെ രാജു മത്സരങ്ങള്‍ക്കായി മറ്റ് ഗ്രാമങ്ങൡലേയ്ക്ക് കൊണ്ട് പോയി. മകളുടെ ഭാവി നശിപ്പിക്കുകയാണ് രാജുവെന്ന് പലരും പറഞ്ഞു. എന്നാല്‍ താലൂക്ക് തല മത്സരത്തില്‍ പങ്കെടുത്തതിന് ശേഷം പിന്നെ മഹിമയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമെല്ലാം മഹിമയുടെ വിജയഗാഥ തുടര്‍ന്നു. ഈ മാസം പാറ്റ്‌നയില്‍ നടക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് മഹിമ റാത്തോഡ് പങ്കെടുക്കും. 14നാണ് മഹിമയുടെ ആദ്യ മത്സരം. 40 കിലോഗ്രാം വിഭാഗത്തിലാണ് മഹിമ പങ്കെടുക്കുന്നത്.
പുസാദിലെ കോഷാത്വാര്‍ സ്‌കൂളിലാണ് മഹിമ പഠിക്കുന്നത്. ഗവണ്‍മെന്‌റ് ഹോസ്റ്റലില്‍ താമസിക്കുന്നു. ഈ വര്‍ഷം 10ാംക്ലാസ് പൊതുപരീക്ഷയെഴുതുന്ന മഹിമ ഗുസ്തിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂര്‍ പഠനം. പിന്നെ ഒരു മണിക്കൂര്‍ വ്യായാമം. എഴ് മണിക്ക് സ്‌കൂളിലേയ്ക്ക്. സ്‌കൂള്‍ വിട്ടതിന് ശേഷം അഞ്ച് മണി വരെ ട്യൂഷന്‍. പിന്നെ നേരെ ഗുസ്തി പരീശിലനത്തിന്. രാത്രി വളരെ വൈകും വരെ പരീശീലനം. ഇതാണ് മഹിമയുടെ പതിവ്.
ദംഗല്‍ കണ്ടതിന് ശേഷം പെണ്‍കുട്ടികള്‍ ഗുസ്തിയിലേയ്ക്കിറങ്ങുന്നതിലുള്ള ആളുകളുടെ താല്‍പര്യക്കുറവ് മാറിയിട്ടുണ്ടെന്നാണ് മഹിമയും രാജുവും പറയുന്നത്. എന്നാല്‍ വെള്ളി മെഡല്‍ നേടിയ താരത്തിന് 15,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് അല്ലാതെ മറ്റൊന്നും സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്ന് സഹായമായി ഉണ്ടായിട്ടില്ല. പരുത്തിയും സൊയാബീനും കൃഷി ചെയ്യുന്ന സാധാരണ കര്‍ഷകനാണ് രാജു റാത്തോഡ്. എബിപി ന്യൂസ് അടക്കമുള്ള ചാനലുകള്‍ മഹിമയെ തേടിയെത്തിയതോടെ മാദ്ധ്യമശ്രദ്ധ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടുന്നത് സ്വപ്‌നം കാണുന്ന മഹിമയ്ക്കും രാജുവിനും മുന്നില്‍ ലക്ഷ്യത്തിലേയ്ക്ക് ഇനിയും ഏറെ ദൂരമുണ്ട്.
വീഡിയോ കാണാം:
This post was last modified on January 12, 2017 5:34 pm
Leave a Comment