X

ആത്മഹത്യ ചെയ്യാൻ തോന്നാറുണ്ടെന്ന് സൈറ വസീം; ഇടക്കിടെ ഡിപ്രഷൻ വരുന്നതിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

ഇപ്പോൾ തന്റെ രോഗാവസ്ഥയെ താൻ സ്വയം അംഗീകരിക്കാൻ പഠിച്ചെന്നും വസീം പറയുന്നു. ഇക്കാരണത്താലാണ് തുറന്നു പറയുന്നതെന്നും വസീം.

താൻ ഇടക്കിടെ ഡിപ്രഷനിൽ വീണുപോകാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സൈറ വസീം. ഈ ഡിപ്രഷൻ തന്നെ ആത്മഹത്യാ മനോഭാവത്തിലേക്കു വരെ കൊണ്ടു ചെന്നെത്തിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. ഇക്കാര്യം ഇതുവരെ ആരോടും പറയാതിരുന്നതിനു കാരണം ഡിപ്രഷൻ എന്ന രോഗാവസ്ഥയോട് സമൂഹത്തിനുള്ള മോശം കാഴ്ചപ്പാട് മൂലമാണെന്നും സൈറ സൂചിപ്പിച്ചു.

കഴിഞ്ഞ നാലു വർഷത്തോളമായി താൻ ഈ കെടുതിയിൽ പെട്ടിരിക്കുകയാണെന്നും സൈറ പറയുന്നു.

ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമാണിതെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. മറ്റുള്ളവകരോട് ഇക്കാര്യം പറയാൻ എപ്പോഴും മടിയായിരുന്നു. ഡിപ്രഷൻ എന്ന മനോനിലയോട് പൊതുവില്‍ ആളുകളുടെ സമീപനം അത്ര നല്ലതല്ല. ഡിപ്രഷനൊക്കെ വരാൻ മാത്രം പ്രായമൊന്നും തനിക്കായിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു: സൈറ ഇൻസ്റ്റഗ്രാമിലെഴുതി.

താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത തരം സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയിരുന്നതെന്ന് സൈറ വ്യക്തമാക്കി. ദിവസവും അഞ്ചോളം ആന്റി ഡിപ്രസന്റ് മരുന്നുകൾ കഴിച്ചു. അർധരാത്രിയിൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. അപാരമായ ശൂന്യതയും അസ്വസ്ഥതയും ആശങ്കയും മനസ്സിൽ വളർന്നു. ആഴ്ചകളോളം ഉറക്കം നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായി തളർച്ച, ശരീരവേദന, അവനവനോടുള്ള വെറുപ്പ് തുടങ്ങിയവയാൽ വശം കെട്ടു.

ഇപ്പോൾ തന്റെ രോഗാവസ്ഥയെ താൻ സ്വയം അംഗീകരിക്കാൻ പഠിച്ചെന്നും വസീം പറയുന്നു. ഇക്കാരണത്താലാണ് തുറന്നു പറയുന്നതെന്നും വസീം.

അതെസമയം, വസീം ഇസ്ലാമിന്റെ വഴിയിൽ നടക്കാത്തതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളിൽ വീണു പോകുന്നതെന്ന വിമർശനങ്ങളുമായി ചിലർ രംഗത്തുണ്ട്.

This post was last modified on May 12, 2018 12:54 pm