X

മലബാര്‍ സിമന്റസ് അഴിമതി; എം ഡി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി 

വ്യവസായ മന്ത്രി ഇ   ഇ.പി ജയരാജന്റെ ഗുഡ് സർട്ടിഫിക്കറ് ഉണ്ടായിട്ടു പോലും മലബാർ സിമന്റ്‌സ് അഴിമതി കേസിലെ മുഖ്യപ്രതിയായ കമ്പനി മാനേജിങ് ഡയറക്ടർ എം.പദ്മകുമാർ അറസ്റ്റിലായി.

സിമന്റ് ഉത്പാദിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഇറക്കുമതി ചെയ്തതിലും ചാക്ക്, കല്‍ക്കരി ഇറക്കുമതി ചെയ്തതിലും വന്‍ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടിരുന്നു. പ്രതികളെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജൂലൈ 16-ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഈ ശുപാര്‍ശയും അട്ടിമറിയ്ക്കുകയായിരുന്നു.

ഒടുവിൽ ഹൈക്കോടതി നിർദേശ പ്രകാരം  അന്വേഷണം നടത്തിയപ്പോഴാണ് ഒന്നാം പ്രതി അറസ്റ്റിലായത്. കൂട്ടുപ്രതികളായ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വേണുഗോപാല്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മെറ്റിരിയല്‍ മാനേജര്‍ നമശിവായം, ഫിനാന്‍സ് മാനേജര്‍ മുരളീധരന്‍ എന്നിവർ ഒളിവിലാണ്.

 
ഗുണമേന്മ കുറഞ്ഞ കല്‍ക്കരിയും ഫ്‌ളൈ ആഷും ഉപയോഗിച്ചത്, ഫ്‌ളൈ ആഷ് ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെ അഴിമതി, വന്‍കിട ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവ് നല്‍കല്‍, വെയര്‍ഹൗസിങ് ഗോഡൗണില്‍ നിയമംതെറ്റിച്ച് സിമന്റ് സംഭരിക്കല്‍ എന്നിങ്ങനെ കേസുകളിലായി ആകെ 28.6 കോടിയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന സംഘടിത അഴിമതിയാണ് മലബാര്‍ സിമന്റ്‌സില്‍ നടക്കുന്നത്.

പ്രതികളുടെ വസതികളില്‍ റെയ്ഡ് നടത്തിയിട്ടും പരസ്യമായി പ്രതികളെ പിന്തുണച്ചാണ് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എത്തിയത്. യുഡിഎഫ് സർക്കാരിലെ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന കുഞ്ഞാലിക്കുട്ടിയും പ്രതികളെ സംരക്ഷിക്കുന്ന  നയമാണ് പുലർത്തിയത്. 

 അഞ്ചു അഴിമതിക്കേസില്‍ പ്രതിയായ എംഡി അഴിമതിക്കുറ്റത്തിന് സാക്ഷികളെ  സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ ആണ് എം ഡി അറസ്റ്റിലാകുന്നത് .

This post was last modified on December 27, 2016 2:29 pm