X

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് മാമൂക്കോയയ്ക്ക് വൃത്തികെട്ട വാര്‍ത്തയോ?

ഈ വാര്‍ത്തയ്ക്കു പിന്നാലെ പോകുന്നവര്‍ സംസ്‌കാരവും രാഷ്ട്രീയബോധവുമില്ലാത്തവരാണെന്നും മാമ്മൂക്കോയ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്തയ്ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുകയാണെന്ന പരോക്ഷ വിമര്‍ശനവുമായി നടന്‍ മാമൂക്കോയ. ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്നാണു മാമൂക്കോയയുടെ വിമര്‍ശനം. കോഴിക്കോട്ട് ടാഗോര്‍ ഹാളില്‍ ആരംഭിച്ച അറേബ്യന്‍ ഫ്രെയിംസ് ചലച്ചിത്രോത്സവത്തിനിടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മാമൂക്കോയയുടെ വിമര്‍ശനം.

ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ് . മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍? മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരലും ഉള്ളവരാണെന്ന് പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിഞ്ഞു.

ഇതായിരുന്നു മാമൂക്കോയയുടെ വാക്കുകള്‍. ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന വിമര്‍ശനം സിനിമ മേഖലയിലെ പലരും ഇതിനകം പറഞ്ഞു കഴിഞ്ഞു. ഈ കൂട്ടത്തിലാണ് സ്വന്തം സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട അപകടത്തെ വൃത്തികെട്ട വാര്‍ത്തയാക്കി പരിഹസിച്ച് മാമൂക്കോയയും രംഗത്തെത്തിയിരിക്കുന്നത്.