X

പൊലീസിന്റെ അനീതി; മുഖ്യമന്ത്രിക്കു കത്തെഴുതിവച്ചശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

മരുമകളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ നടപടിയെടുക്കാതെ, പരാതി പണം വാങ്ങി പൊലീസ് മുക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോട്ടപ്പളളി സ്വദേശി കൃഷ്ണ കുമാറാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്‌ഐ കുഞ്ഞിമോന്‍ എന്നു വിളിക്കുന്ന പി വിജയകുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അടങ്ങിയ കത്തെഴുതിവച്ച ശേഷമായിരുന്നു കൃഷ്ണ കുമാര്‍ ജീവനൊടുക്കിയത്.

കുഞ്ഞുമോനെ പോലെയുളളവര്‍ സര്‍വീസിലിരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും യാതൊരു വിലയുമുണ്ടാകില്ലെന്നും താന്‍ നല്‍കിയ പരാതിയില്‍ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്‌ഐ കുഞ്ഞുമോന്‍ യാതൊരു നടപടിയുമെടുത്തില്ലെന്നും മുഖ്യമന്ത്രിക്കുളള കത്തില്‍ കൃഷ്ണകുമാര്‍ എഴുതുന്നു.

കോട്ടപ്പളളി അംഗന്‍വാടിക്കു സമീപം താമസിക്കുന്ന ഉണ്ണി എന്നയാള്‍ തങ്ങളെ നിരന്തരം ശല്യം ചെയ്യുന്നുവെന്നു കാണിച്ചു അഞ്ചു ദിവസം മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മകളും പോലീസിന് പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഉണ്ണിയെ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിക്കാന്‍ പോലും കൂട്ടാക്കാതെ പകരം, തന്റെ മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും കുഞ്ഞുമോന്‍ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നു കൃഷ്ണകുമാര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. ഇതുപോലെ നരാധന്മമാരായ പൊലീസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടെയെന്നും കൃഷ്ണകുമാര്‍ കത്തില്‍ കുറിച്ചു.

അതേസമയം കൃഷ്ണകുമാറിന്റെ കത്തിലെ ആരോപണങ്ങള്‍ തൃക്കുന്നപ്പുഴ പൊലീസ് തള്ളിക്കളയുകയാണ്.

This post was last modified on December 27, 2016 2:38 pm