X

മണിപ്പൂരിന് മുകളില്‍ വംശീയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഹീനമായ രാഷ്ട്രീയക്കളി ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ മുടിപ്പിച്ചിരിക്കുന്നു

മണിപ്പൂരില്‍ ഈ ‘ഉത്സവ’കാലം ദുഃഖത്തിന്‍റെയും ദുരിതത്തിന്‍റെയും കാലമായി മാറി. പ്രതിഷേധ രൂപമായി സാമ്പത്തിക ഉപരോധം നേരിട്ട് ശീലിച്ചിട്ടുള്ള ഈ സംസ്ഥാനത്തിന്  United Naga Council (UNC) ആഹ്വാനം ചെയ്ത നവംബര്‍ 1 മുതലുള്ള പുതിയ ഉപരോധം കടുത്ത പ്രയാസങ്ങളാണ് നല്കിയത്. സംസ്ഥാനത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ജീവനാഡിയെന്ന് വിളിക്കാവുന്ന രണ്ടു ദേശീയപാതകള്‍ ഉപരോധിച്ചതോടെ പെട്രോളിയം ഉത്പന്നങ്ങള്‍ അടക്കമുള്ള ആവശ്യവസ്തുക്കള്‍ കിട്ടാതെ ജനം നരകിക്കുകയാണ്. ദുര്‍ലഭമായ വൈദ്യുതിയും, ഇടക്കെപ്പോഴെങ്കിലും മാത്രം കിട്ടുന്ന കുടിവെള്ളവിതരണവും, മോശം പാതകളും ഒക്കെയുള്ള സംസ്ഥാനത്തെ രൂക്ഷമായ അഴിമതിയും പരിതാപകരമായ ഭരണനിര്‍വ്വഹണവും ഉണ്ടാക്കിയ അവരുടെ നിത്യദുരിതങ്ങള്‍ക്ക് മേലെയാണ് ഈ ഉപരോധം വന്നു വീഴുന്നത്. ഇതിനൊപ്പം നോട്ട് പിന്‍വലിക്കലും കാശില്ലാത്ത സമ്പദ് രംഗവും കൂടി വെല്ലുവിളികളെ ഇരട്ടിയാക്കുന്നു.

ഇപ്പോഴത്തെ ഉപരോധത്തിനും മണിപ്പൂരിലെ വിവിധ വംശീയതകളുടെ അവകാശവാദങ്ങളിലും എതിര്‍വാദങ്ങളിലും തന്നെയാണ് വേരുകളുള്ളത്. മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ചിലരെ സംബന്ധിച്ച് അവ അപരിഹാര്യവുമാണ്. എന്നാലും ഈ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്നത് ഈ പ്രശ്നങ്ങളാണ്.

അതിന്റെ ഫലമായി, സംസ്ഥാനത്തിന്റെ 90% വരുന്ന മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഏറിയതും ഗോത്രവര്‍ഗക്കാരായ വിഭാഗങ്ങളും ജനസാന്ദ്രമായ ഇംഫാല്‍ താഴ്വരയിലെ ഭൂരിപക്ഷം വരുന്ന മെയ്തെയി ജനതയും തമ്മിലുള്ള അന്തരം ഏറെ വര്‍ധിച്ചിരിക്കുന്നു. ഓരോരുത്തരും അവരവരുടെ സ്വത്വത്തിലും ആവശ്യങ്ങളിലും കൂടുതല്‍ ഉറച്ചിരിക്കുന്നു. ഇരുകൂട്ടരെയും ഭിന്നിപ്പിച്ചു നിര്‍ത്തുന്ന രാഷ്ട്രീയക്കളികള്‍ കൂടിയാകുമ്പോള്‍ ഈ അന്തരം വീണ്ടും കൂടുകയാണ്. ഈ രാഷ്ട്രീയം തന്നെയാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെയും നിര്‍ണയിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ കക്ഷിയാണ് അധികാരത്തിലെങ്കില്‍ ഒരു ചെറിയ രീതിയിലുള്ള സന്തുലനം തോന്നാം. പക്ഷേ, ഇപ്പോഴുള്ളതുപോലെ അത് വ്യത്യസ്തമാണെങ്കില്‍ സ്വന്തം താത്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്രം ഈ ഭിന്നതകള്‍ ഉപയോഗിക്കാന്‍ മടി കാണിക്കുന്നില്ല.

നാഗ ഭൂരിപക്ഷമുള്ള ജില്ലകളെ വിഭജിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരിന്റെ നീക്കത്തെ UNC എതിര്‍ത്തു. നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലുള്ള എല്ലാ നാഗ പരമ്പരാഗത പ്രദേശങ്ങളും ഒന്നിപ്പിച്ചു വിശാല നാഗാലാന്‍ഡ് അഥവാ നാഗലിം രൂപവത്കരിക്കാനുള്ള തങ്ങളുടെ ആവശ്യത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് അവര്‍ കരുതുന്നു. ഇത് National Socialist Council of Nagaland (Isak-Muivah) (NSCN-IM)-യുടെ ഒരു പ്രധാന ആവശ്യം കൂടിയാണ്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് മൂന്നുതവണ മുഖ്യമന്ത്രിയായ ഒക്രാമ് ഇബോബി സിങ് 9 ജില്ലകളിലെ 7 എണ്ണത്തെ വീണ്ടും വിഭജിച്ച് മൊത്തം 16 ജില്ലകളാക്കാനുള്ള തീരുമാനം ഡിസംബര്‍ 9-നു പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നേട്ടത്തിനാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും തങ്ങളോടു ആലോച്ചിച്ചില്ലെന്നും UNC കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്താനാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. അതേസമയം UNC ഉപരോധത്തിനെതിരെ മലമ്പ്രദേശത്തുള്ള ജില്ലകളിലേക്കുള്ള വാഹനനീക്കം മെയ്തേയികളും ഉപരോധിക്കുന്നു. ഇതുവരെയും UNC പ്രവചിച്ച പോലെ അക്രമം ഒരു ‘സമ്പൂര്‍ണമായ വംശീയ യുദ്ധത്തിലേക്ക്’ വീണിട്ടില്ല. പക്ഷേ അത് ഭയപ്പെടുത്തുന്ന ഒരു സാധ്യതയായി മുന്നിലുണ്ട്.

ഈ പ്രതിസന്ധി നിറഞ്ഞ ആഴ്ച്ചകളിലെ  കേന്ദ്രത്തിന്റെ പങ്കും ചോദ്യം ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ സംസ്ഥാനത്തിനും ബാധകമാകുന്ന inner-line പെര്‍മിറ്റ് അനുമതിയും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ഭൂമി സ്വന്തമാക്കുന്നതില്‍ നിയന്ത്രണം വരുത്തുന്ന മലമ്പ്രദേശങ്ങളിലുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച വ്യവസ്ഥകളുള്ള നിയമവും കൊണ്ടുവന്നപ്പോള്‍ ബി ജെ പി അതിനെ അനുകൂലിച്ചു. എന്നാല്‍  ഈ വര്‍ഷം ആഗസ്ത് 2015-നു NSCN-IM-വുമായിചട്ടക്കൂട് കരാറില്‍ (Framework Agreement) ഒപ്പിട്ടതോടെ അവരിപ്പോള്‍ മലമ്പ്രദേശങ്ങളിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്നാണ് തോന്നിപ്പിക്കുന്നത്. പ്രത്യേകിച്ചും മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന് ആവശ്യപ്പെടുന്ന UNC-ക്കൊപ്പം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ അസമിലും അരുണാചല്‍ പ്രദേശിലും നേടിയ വിജയങ്ങള്‍ മേഖലയിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. സംഘര്‍ഷം തടയാന്‍ അര്‍ദ്ധസൈനിക സേനയെ കൂടുതല്‍ വിന്യസിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് കേന്ദ്രം തണുത്ത സമീപനം സ്വീകരിച്ചത് ഇതുകൊണ്ടാണ്. ഇത്തരം ദുഷ്ടലാക്കോടുകൂടിയ സമീപനം മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം കള്ളക്കളികളില്‍ കരുക്കളാകുക എന്ന ദൌര്‍ഭാഗ്യമാണ് മണിപ്പൂര്‍ ജനത ചുമക്കുന്ന ഏറ്റവും വലിയ കുരിശ്.

മെയ്തെയി, നാഗ, കുകി, തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഒരുമിച്ചും വേറിട്ടും പതിറ്റാണ്ടുകളായി കഴിഞ്ഞുപോരുന്നു എന്നതാണു മണിപ്പൂരിന്റെ ശക്തി. ഈ ബന്ധങ്ങളില്‍ മെച്ചപ്പെടുത്താന്‍ ഏറെ സംഗതികളുണ്ടെന്നതും സംസ്ഥാനത്തിന്റെ വിവിധ മേഖലകള്‍ തമ്മില്‍ സാമ്പത്തിക അസന്തുലനം കാലങ്ങളായി നിലനില്‍ക്കുന്നു എന്നതും തര്‍ക്കത്തിനിടയില്ലാത്ത കാര്യമാണ്. എന്നാലിവ ഇവിടെ മാത്രമായുള്ളതോ അപരിഹാര്യമോ അല്ല. നിലവിലെ ജില്ലാ വിഭജന തര്‍ക്കമോ നേരത്തെയുണ്ടായ മണിപ്പൂരിന്റെ എല്ലാ ഭാഗത്തേക്കുമുള്ള  inner line അനുമതി സംബന്ധിച്ച തര്‍ക്കമോ സ്ഥിരമായ വംശീയ തര്‍ക്കങ്ങളിലേക്കൊ കടുത്ത സംഘര്‍ഷങ്ങളിലെക്കൊ നയിക്കേണ്ടതില്ല. പല തരത്തിലുള്ള തര്‍ക്കങ്ങള്‍ പല തലങ്ങളിലായി നില നില്‍ക്കുന്ന സംസ്ഥാനത്തില്‍ രാഷ്ട്രീയ അജണ്ടകളുടെ ഒളിച്ചുകളി കൂടിയാകുമ്പോള്‍ വിവിധ തത്പരകക്ഷികള്‍ തമ്മില്‍ സംഭാഷണം പോലും സാധ്യമാകാത്ത അവസ്ഥയാണ് ഉണ്ടാകുന്നത് എന്നതാണു ദു:ഖകരം.