X

ഒരു തിരുത്തലിനുള്ള പോരാട്ടമാണ് ആവശ്യം, ഞാന്‍ അതിന് മുന്നിലുണ്ടാകും: മഞ്ജു വാര്യര്‍

അടച്ചുറപ്പ് വേണ്ടത് മനോനിലയ്ക്കാണെന്നും മഞ്ജു

നടി ഭാവനയ്ക്ക് നേരെ നടന്ന ആക്രമണം പുരുഷന്റെ വികലമായ മനോനിലയുടെയും സംസ്‌കാരത്തിന്റെയും സൂചനയെന്ന് നടി മഞ്ജു വാര്യര്‍. ഭാവനയ്ക്ക് നേരെയെന്നല്ല ഏത് സ്ത്രീയ്ക്ക് നേരെയുള്ള ആക്രമണങ്ങളെയും ഇത്തരത്തിലേ കാണാന്‍ സാധിക്കുവെന്നാണ് അവര്‍ പറഞ്ഞത്.

ഇന്നലെ താനും സുഹൃത്തുക്കളും ഭാവനയെ സന്ദര്‍ശിച്ചെന്നും അവള്‍ ധീരയായിരുന്നുവെന്നും മഞ്ജു വാര്യര്‍ അറിയിച്ചു. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവള്‍ക്കുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെ മനസിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് ഭാവനയുടെ മുഖം ഞങ്ങളോട് പറഞ്ഞെന്നും മഞ്ജു പറയുന്നു.

പുരുഷന് താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പര ബഹുമാനം ഒരു സംസ്‌കാരമായി തീരണമെന്നും മഞ്ജു ഓര്‍മ്മിപ്പിക്കുന്നു. സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷെ ഭാവന ആക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു. അപ്പോള്‍ അടച്ചുറപ്പ് വേണ്ടത് മനോനിലയ്ക്കാണെന്നും മഞ്ജു പറയുന്നു.

ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാന്‍ അതിന് മുന്നിലുണ്ടാകുമെന്ന് പറഞ്ഞാണ് മഞ്ജു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

This post was last modified on February 19, 2017 12:59 pm