X

ഗാന്ധി ബ്രിട്ടീഷ് ഏജന്‍റ്-ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു

അഴിമുഖം പ്രതിനിധി

ഗാന്ധിജിക്കെതിരെ നിശിത വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്നാണ് കട്ജുവിന്റെ വിമര്‍ശനം. തന്റെ ബ്ലോഗിലാണു കട്ജു വിമര്‍ശന ശരങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ നയങ്ങളാണ് ഗാന്ധി പിന്തുടര്‍ന്നതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമായതാണെന്നും കട്ജു വ്യക്തമാക്കുന്നു.

ഇതിന് ഉപോത്ബലകമായി 1921 ജൂണ്‍ 10ന് ഗാന്ധിജി യങ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിന്റെ ഭാഗവും ചേര്‍ക്കുന്നു. ഗാന്ധി ഇങ്ങനെ പറയുന്നു.’ഞാനൊരു സനാതന ഹിന്ദുവാണ്. വര്‍ണാശ്രമത്തിലും ധര്‍മ്മത്തിലും വിശ്വസിക്കുന്ന ആളാണ്. ഗോക്കളെ സംരക്ഷിക്കണമെന്നും വിശ്വസിക്കുന്നു.’ കൂടാതെ ഗാന്ധിയുടെ പൊതു പരിപാടികളില്‍ ഹിന്ദു ബജനായ രഘുപതി രാഘവ രാജാറാം ഉറക്കെ പാടുമായിരുന്നെന്നും കട്ജു കുറ്റപ്പെടുത്തുന്നു.

നിരവധി മതങ്ങളും വിശ്വാസങ്ങളും നിീലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും 20-ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ ഗാന്ധിജിയെ പ്പോലെ ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ അത് ജനങ്ങള്‍ ഏത് രീതിയില്‍ ഉള്‍ക്കൊള്ളുമെന്നും കട്ജു ചോദിക്കുന്നു. പ്രത്യകിച്ചും യാഥാസ്തിതിക മുസ്ലീം കുടുമ്പങ്ങള്‍? തീര്‍ച്ചയായും മത സംഘടനകളിലേക്കാകും ഇത്തരക്കാരെ കൊണ്ടുചെന്നെത്തിക്കുക. ഇത് വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന് സഹായകരമാവുന്നതല്ലേ?

രാഷ്ട്രീയത്തിലടക്കം നിരവധി തവണ മതത്തെ കുത്തിവെച്ച് സ്പര്‍ദ്ധക്കും വിഭജനത്തിനും വഴിമരുന്നിട്ട ഗാന്ധി ഒരു ബ്രിട്ടീഷ് ഏജന്റ് തന്നെയായിരുന്നെന്നും കട്ജു സ്ഥാപിക്കുന്നു. നവാഖലിയിലടക്കം പലസ്ഥലങ്ങളിലും ഇന്ത്യവിഭജനകാലത്ത് വര്‍ഗ്ഗീയ കലാപങ്ങളുണ്ടായി. അവിടെയെല്ലാം ഗാന്ധി ധൈര്യത്തോടെ കടന്ന് ചെന്നു എന്നും പറയപ്പെടുന്നു. എന്നാല്‍ ഒരു ചോദ്യം അവശേഷിക്കുന്നത് ഈ കലാപത്തിനെല്ലാം വഴിമരുന്നിട്ടത് പല തവണയായിട്ട് പൊതു രാഷ്ട്രീയ വേദികളില്‍ ഗാന്ധിജി കുത്തിവച്ച മതബോധമല്ലേയെന്നും കട്ജു ചോദിക്കുന്നു.

ഗാന്ധിജിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും, സത്യഗ്രഹത്തിനെതിരേയും ശക്തമായ ഭാഷയിലാണ് കട്ജു പ്രതികരിക്കുന്നത്. ഇവയിലെല്ലാം ബ്രിട്ടീഷുകാരന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് മഹാത്മാഗാന്ധി പ്രവര്‍ത്തിച്ചിരുന്നതെന്നും കട്ജു വ്യക്തമാക്കുന്നു.

ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

http://justicekatju.blogspot.in/

This post was last modified on December 27, 2016 2:52 pm