X

വിഷം ചീറ്റരുത് മാധ്യമത്തമ്പുരാട്ടി; മാതൃഭൂമിയോട് സമസ്ത മുഖപത്രം

അഴിമുഖം പ്രതിനിധി

പ്രവാചക നിന്ദ നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് മാതൃഭൂമി ദിനപത്രത്തിന് നേരെ ഉയര്‍ന്ന പ്രതിഷേധം തുടരുന്നു. സംഭവത്തില്‍ പത്രം നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിയെങ്കിലും വിവിധ മുസ്ലീം സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ‘വിഷം ചീറ്റരുത് മാധ്യമത്തമ്പുരാട്ടി’ എന്ന തലക്കെട്ടില്‍ എഡിറ്റ് പേജില്‍ ഇന്ന് ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘വനിതാ ദിനത്തിന്റെ ഭാഗമായി നടന്ന പൊതുചടങ്ങില്‍ കേരള ഹൈക്കോടതിയെ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ നടത്തിയ അപക്വമായ പരാമര്‍ശങ്ങള്‍ ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണല്ലോ’ എന്നു തുടങ്ങുന്ന ലേഖനം ന്യായാധിപ പീഠത്തിന്റെ പവിത്രതയ്ക്കും അന്തസിനും നിരക്കാത്ത പരാമര്‍ശമാണ് ജ. കെമാല്‍ പാഷ നടത്തിയത് എന്നു ആരോപിക്കുന്നു. എന്നാല്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി എഴുതിയ ലേഖനത്തില്‍ ഏറെ ഭാഗവും മാതൃഭൂമി ദിനപത്രത്തെ ശക്തമായി കടന്നാക്രമിക്കാനാണ് നീക്കിവെച്ചിട്ടുള്ളത്. 

‘ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷം എക സിവില്‍ കോഡ് വാദക്കാരായ മുസ്ലീം വിരുദ്ധര്‍ സഭ്യേതരമായ ഭാഷയില്‍ സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ വിഷം ചീറ്റുന്നത് കണ്ടിരുന്നു…. സോഷ്യല്‍ മീഡിയയിലെ അന്തസില്ലാത്ത വര്‍ത്തമാങ്ങളേ പുനര്‍വായനയ്ക്കായി പ്രസിദ്ധീകരിച്ചുവെന്നതാണ് മാതൃഭൂമി സമീപകാലത്ത് ചെയ്ത ദുരന്തങ്ങളില്‍ അവസാനത്തേത്.’

‘തക്കം കിട്ടുമ്പോള്‍ മുസ്ലീം  വിരുദ്ധപ്രീണനങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ അജണ്ട നിശ്ചയിക്കുന്ന പതിവ് പലപ്പോഴും മാതൃഭൂമിക്കുണ്ട്’ എന്നു പറയുന്ന ലേഖകന്‍ ‘ദൌര്‍ഭാഗ്യവശാല്‍ സമീപകാലത്തായി കാളകൂടം നിറച്ചുവെച്ച പാനപാത്രങ്ങള്‍പോലെയാണ് മാതൃഭൂമി പ്രസിദ്ധീകരണങ്ങളിലെ വായനാനുഭവം’ എന്നും വിമര്‍ശനമുന്നയിക്കുന്നുണ്ട്. 

‘കേരളത്തിന്‍റെ സാമൂഹിക ജീവിതത്തില്‍ പുതിയ ധ്രുവീകരണം സംഭവിക്കുന്ന കാലമാണിത്. കരുതലോടെ മാത്രം കാര്യങ്ങള്‍ പറയേണ്ടി വരുന്ന വലിയൊരു ദൌത്യമുണ്ട് മാധ്യമങ്ങള്‍ക്ക്.’ ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. 

മഹാനായ പ്രവാചകനെതിരെ എഴുതിയ നികൃഷ്ട വാക്കുകള്‍ ബോധപൂര്‍വം പുനഃപ്രസിദ്ധീകരിച്ചവരെ തീരിച്ചറിയാന്‍ മാനേജ്മെന്റിന് സാധിക്കണം എന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.   

This post was last modified on December 27, 2016 3:48 pm