X

മെത്രാന്‍ കായല്‍, കടമക്കുടി ഉത്തരവുകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയും ജിജി തോംസണുമെന്ന് രേഖകള്‍

അഴിമുഖം പ്രതിനിധി

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കരുതെന്ന റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം തള്ളി കായല്‍ നികത്താന്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടുവെന്നതിന്റെ മന്ത്രിസഭ യോഗ രേഖകള്‍ പുറത്തു വന്നു.

പദ്ധതി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന് എതിരാണെന്നും അംഗീകാരം നല്‍കേണ്ട ഏജന്‍സികള്‍ ഫയല്‍ കണ്ടില്ലെന്നും റവന്യു വകുപ്പ് അറിയിച്ചിരുന്നു. ഈ വിയോജിപ്പിനെ മറികടന്നാണ് ചീഫ് സെക്രട്ടറി പദ്ധതിക്ക് അംഗീകാരണം നല്‍കണമെന്ന നിലപാടെടുത്തത്.

കായല്‍ നികത്തുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു വകുപ്പ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തിന്റെ മിനിട്‌സിന് താഴെ ജിജി തോംസണ്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കാമെന്ന് രേഖപ്പെടുത്തി. മുഖ്യമന്ത്രിയും അതില്‍ ഒപ്പിട്ടുണ്ട്. ഈ തീരുമാനമാണ് മന്ത്രിസഭയുടെ പരിണനയിലെത്തിയതും തത്വത്തില്‍ അനുമതി നല്‍കിയതും.

ഇതേതുടര്‍ന്ന് കായല്‍ നികത്താന്‍ അനുമതി നല്‍കി റവന്യു വകുപ്പ് ഇറക്കിയ ഉത്തരവ് പ്രതിപക്ഷത്തിന്റേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയതിന് ഒപ്പം നിലം നികത്താന്‍ അനുമതി നല്‍കിയ കടമക്കുടി ഉത്തരവിന് പിന്നിലും മുഖ്യമന്ത്രിയും ജിജി തോംസണുമാണെന്നുമുള്ള രേഖകളും പുറത്തുവന്നിട്ടുണ്ട്.

മെത്രാന്‍ കായല്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസം പദ്ധതിക്കായി 46 ഏക്കര്‍ വയലും നികത്താനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

This post was last modified on December 27, 2016 4:04 pm