X

എം ജി യൂണിവേഴ്‌സിറ്റി; ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ പഠനസമരം ശക്തമാകുന്നു

അഴിമുഖം പ്രതിനിധി

എം.ജി യൂണിവേഴ്‌സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം വിദ്യാര്‍ഥികള്‍ നടത്തുന്ന പഠനസമരം അമ്പത്തിയേഴാം ദിവസത്തിലേക്ക്. 20 വര്‍ഷമായി സ്വാശ്രയതലത്തില്‍ തുടരുന്ന എം.സി.ജെ കോഴ്‌സില്‍ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു മാത്രമല്ല കോഴ്‌സിന്റെ തലപ്പത്ത് തുടരുന്ന വ്യക്തിക്ക് ജേര്‍ണലിസത്തില്‍ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കോഴ്‌സ് റഗുലറാക്കാന്‍ 2002ലെ കേരള ഹൈക്കോടതി ഉത്തരവ് യൂണിവേഴ്‌സിറ്റി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പല കാലഘട്ടങ്ങളിലായി ഈ കോഴ്‌സ് റഗുലറാക്കാന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നെങ്കിലും ആരുടെയൊക്കെയോ താത്പര്യപ്രകാരം അത് അട്ടിമറിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

കോഴ്‌സ് റഗുലറാക്കുക, യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ബഹിഷ്‌കരിച്ചു. സമരം ചെയ്ത വിദ്യാര്‍ഥികള പോലീസ് അറസ്റ്റ് ചെയ്തു. തീരുമാനങ്ങളെടുക്കാമെന്ന് വി സി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നേവരെ ഒന്നും നടപ്പാക്കിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണം.

This post was last modified on December 27, 2016 3:32 pm