X

ഗണേശോത്സവത്തിനു ചോദിച്ച പിരിവു നല്‍കിയില്ല; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരസ്യമായ ശിക്ഷ

അഴിമുഖം പ്രതിനിധി

ഗണേശോത്സവത്തിന് ചോദിച്ച പിരിവു നല്‍കിയില്ല എന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹിന്ദു സംഘടന പ്രവര്‍ത്തകരുടെ ഭീഷണിയും പരസ്യമായ ശിക്ഷയും. പൂനെയിലാണ് സംഭവം. ഇവി െഭോസാരിയിലുള്ള ക്രൗണ്‍ ബേക്കറിയില്‍ തൊഴിലെടുക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരത്തില്‍ അപമാനം ഏല്‍ക്കേണ്ടി വന്നത്.

ഓഗസ്റ്റ് പതിനഞ്ചിനാണ് ഗണേശ് മണ്ഡല്‍ സമിതി അംഗങ്ങള്‍ സെപ്തംബര്‍ അഞ്ചിനു നടക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ചു ബേക്കറിയില്‍ പിരിവിനെത്തിയത്. ഓരോരുത്തരും 100 രൂപ വീതം നല്‍കണമെന്നായിരുന്നു ഗണേശ് മണ്ഡല്‍ സമിതി അംഗങ്ങളുടെ ആവശ്യം. അത്രയും തുകവച്ചു നല്‍കാനാകില്ലെന്നു വന്നതോടെ പിരിവ് 50 രൂപയാക്കി. ഇത്രയും കൊടുക്കാന്‍ കഴിയാതിരുന്നവരെ ഭീഷണിപ്പെടുത്തുകയും പരസ്യമായി ഏത്തമിടീക്കുകയുമായിരുന്നു.

20-30 നും ഇടയില്‍ പ്രായമുള്ള യുപിയില്‍ നിന്നുള്ള മുസ്ലിം സമുദായത്തില്‍പെട്ടവരായിരുന്നു തൊഴിലാളികളില്‍ അധികവും. ഇവരില്‍ പലരും തന്നെ ഈ സംഭവത്തിനുശേഷം നാട്ടിലേക്ക് തിരിച്ചു പോയി. ഭീഷണിയുള്ളതിനാല്‍ ചിലര്‍ മറ്റു തൊഴിലിടത്തിലേക്കും മാറി. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ചിലര്‍ പൊലീസ് പരാതി നല്‍കാനും തയ്യാറായി. ഇതിന്‍പ്രകാരം ഗണേശ് മണ്ഡല്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

This post was last modified on December 27, 2016 2:38 pm