X

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ചാവേര്‍ ആക്രമണത്തിനു ശ്രമം

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥനിലെ ജലാല്‍ബാദില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ നടത്തിയ ചാവേര്‍ ആക്രമണം പരാജയപ്പെടുത്തി. ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അഫ്ഗാന്‍ സൈന്യവും ചേര്‍ന്നാണ് ഭീകരരുടെ ലക്ഷ്യം തകര്‍ത്ത്. നാലു ചാവേറുകളെ കൊലപ്പെടുത്തി. പോരാട്ടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ കോണ്‍സുലേറ്റിന്റെ വാതിലുകളും ജനാലകളും തകര്‍ന്നു. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന എട്ടോളം കാറുകളും തകര്‍ന്നു. സ്‌ഫോടനത്തിനു പിന്നാലെ വെടിവയ്പ്പും ഉണ്ടായി. 

ഇന്ത്യന്‍ കോണ്‍സുലേറ്റ് തന്നെയായിരുന്നു ആക്രമികളുടെ ലക്ഷ്യം. പക്ഷേ അവരെ അതിനുവദിക്കാതെ പരാജയപ്പെടുത്താന്‍ സുരക്ഷാസംഘത്തിനു കഴിഞ്ഞു. നന്‍ഗാഹര്‍ പ്രവിശ്യയുടെ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.

ആക്രമണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവും അറിയിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും നന്‍ഗാഹര്‍ തലസ്ഥാനമായ ജലാല്‍ബാദില്‍ ഐ എസ് ഒരു ശക്തികേന്ദ്രമായി വളര്‍ന്നു വരുന്നുണ്ട്. ആക്രമണത്തിനു പിന്നില്‍ ഐ എസിന്റെ പങ്കും അതിനാല്‍ തന്നെ സംശയിക്കുന്നുണ്ട്.

ഈ വര്‍ഷം ജനുവരിയില്‍ വടക്കന്‍ അഫ്ഗാനിലെ മാസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയും ആക്രമണം നടന്നിരുന്നു.

This post was last modified on December 27, 2016 3:49 pm