X

പത്രക്കടലാസില്‍ പൊതിഞ്ഞ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് എഫ്എസ്എസ്എഐ

അഴിമുഖം പ്രതിനിധി

ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മുന്നറിയിപ്പ് നല്‍കി. പത്രക്കടലാസിലെ മഷിയില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തെ പോലും വിഷലിപ്തമാക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കഴിയുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാണിച്ചു.

എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനായും പത്രക്കടലാസുകള്‍ ഉപയോഗിക്കാറുണ്ട്. അന്തരിക അവയവങ്ങള്‍ ദുര്‍ബലമായ മുതിര്‍ന്നവരെയും കുട്ടികളെയുമാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ ദഹനക്കേടിന് കാരണമാവുകയും അത് വിഷമയമായി മാറുകയും ചെയ്യും.

ഇന്ത്യയില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് നല്‍കുന്ന പ്രവണതയ്ക്കതിരെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഢ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് എഫ്എസ്എസ്എഐയുടെ മുന്നറിയിപ്പ് പുറത്തുവന്നത്. വഴിവാണിഭക്കാരാണ് ഏറെയും ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതെന്നും ഉപഭോക്താക്കള്‍ അവരെ ഈ പ്രവണതയ്‌ക്കെതിരെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഭക്ഷ്യവസ്തുക്കള്‍ പത്രക്കടലാസുകളില്‍ പൊതിഞ്ഞ് വില്‍ക്കുന്നതിനെതിരെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ബോധവല്‍ക്കരണങ്ങള്‍ നടത്തുമെന്നും എഫ്എസ്എസ്എഐ അറിയിച്ചു.

 

This post was last modified on December 27, 2016 2:14 pm