X

കറന്‍സി അസാധുവാക്കല്‍; ജനങ്ങള്‍ സര്‍ക്കാരിനൊപ്പമെന്ന് മോദി ആപ് ആദ്യദിന സര്‍വേ ഫലങ്ങള്‍

അഴിമുഖം പ്രതിനിധി

500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ കുറിച്ചുള്ള ജനവികാരം അറിയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മോദി അപ്പ് സര്‍വേ( ജന്‍ ജന്‍ കി ബാത്ത്) യുടെ ആദ്യദിന ഫലത്തില്‍ സര്‍ക്കാര്‍ നടപടിക്കു വന്‍ ജനപിന്തുണ. പ്രധാനമന്ത്രി തന്നെ പുറത്തുവിട്ട ഫലങ്ങളാണ് ജനവികാരം സര്‍ക്കാരിന് അനുകൂലമെന്ന് പറഞ്ഞിരിക്കുന്നത്. സര്‍വേയില്‍ പങ്കാളികളായവരില്‍ 98 ശതമാനം പേരും ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടെന്നു കരുതുന്നവരാണ്. 99 ശതമാനം പേരും കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ പോരാടണമെന്നും അവ ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നു. 90 ശതമാനം പേര്‍ മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ച നടപടിയെ പിന്തുണയ്ക്കുന്നു. ഈ നടപടി കള്ളപ്പണം ഇല്ലാതാക്കുന്നതിലും അഴിമതിയും തീവ്രവാദവും തടയുന്നതിനും കാരണമാകുമെന്നു വിശ്വസിക്കുന്നതായും സര്‍വേയില്‍ കാണിക്കുന്നു.

24 മണിക്കൂറിനുള്ളില്‍ 5 ലക്ഷം പേരാണ് ഈ സര്‍വേയുടെ ഭാഗമായതെന്നാണു പ്രധാനമന്ത്രി അറിയിക്കുന്നത്. കള്ളപ്പണവും അഴിമതിയും തടയുന്നതില്‍ പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നതായും ്ആപ്പ് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതെങ്കിലുമൊരു രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങളില്‍ നിന്നും നേരിട്ട് പ്രതികരണമാരായുന്ന നടപടി ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണു പ്രധാനമന്ത്രി ഈ വാട്‌സ്ആപ്പ് സര്‍വെ മുന്‍നിര്‍ത്തി പറയുന്നത്. പങ്കെടുത്തവരില്‍ 90 ശതമാനിത്തിലേറെയും കള്ളപ്പണത്തിനെതിരേയുള്ള സര്‍ക്കാര്‍ നീക്കത്തിനു ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമ്പോള്‍, 73 ശതമാനം പേരും ഇത് സമര്‍ത്ഥമായ നീക്കമായി കണ്ട് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നു.

അഴിമതിക്കെതിരേയുള്ള വ്യാപകപോരാട്ടാമായി കണ്ട് 92 ശതമാനം പേരും മികച്ചത്, വളരെ മികച്ചത് എന്നു പറയുമ്പോള്‍ 57 ശതമാനം പേര്‍ സര്‍ക്കാര്‍ നടപടി വളരെ മികച്ചത് എന്നാണു രേഖപ്പെടുത്തുന്നത്.

സര്‍വേയില്‍ പങ്കെടുത്ത അഞ്ചു ലക്ഷം പേരില്‍ 92 ശതമാനവും 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ രണ്ടു ശതമാനം മാത്രമാണ് സര്‍ക്കാര്‍ നടപടി മോശം എന്ന് അഭിപ്രായപ്പെടുന്നത്.

മറ്റൊരു കാര്യം സര്‍വേയില്‍ ശ്രദ്ധേയമായത് അഴിമതി വിരുദ്ധരെന്നു പറയുന്ന ആക്ടിവിസ്റ്റുകള്‍ കള്ളപ്പണത്തെയും അഴിമതിയേയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്നവരാണെന്നു 86 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു എന്നതാണ്.

[removed][removed]

This post was last modified on December 27, 2016 4:48 pm