X

ബിജെപി ദേശീയ കൌണ്‍സിലിലെ ടോര്‍ച്ചടിയും സ്വാഗത പ്രാസംഗികന്റെ നിര്‍ദ്ദേശവും പിന്നെ സ്വച്ഛ ഭാരതവും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ആദ്യം കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ഛഭാരത്‌ പദ്ധതി. വൃത്തിയുടെ കാര്യത്തില്‍ ഏറെ പുറകില്‍ നില്‍ക്കുന്ന നമ്മുടെ രാജ്യം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ വൃത്തിയുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിക്കും എന്നൊക്കെ ആയിരുന്നു മോദിയുടെ പ്രഖ്യാപനങ്ങള്‍. അതിനായി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹവും ചൂലെടുത്ത് ഇറങ്ങി. എന്നാല്‍ പിന്നീട് നമ്മള്‍ കണ്ടത് സ്വച്ഛഭാരത്‌ പരിപാടി അതിന്‍റെ വഴിക്കും ബിജെപിയും മോദിയും വേറെ വഴിക്കും പോകുന്നതാണ്.

കോഴിക്കോട് നടന്ന ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തിനു ശേഷം സമ്മേളനനഗരി ചപ്പു ചവറുകള്‍ കൊണ്ട് കൂടിക്കിടക്കുന്നതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. കൊണ്ടുവരുന്ന സാധനങ്ങള്‍ ഉപേക്ഷിക്കാതെ അവരവര്‍ തന്നെ തിരികെ കൊണ്ട് പോകണം എന്നുള്ള അനൌണ്‍സ്മെന്റുകള്‍ നടത്തിയാലൊന്നും ആളുകള്‍ ശുചിത്വം പാലിക്കുകയില്ല. പകരം പരിസ്ഥിതി സൌഹൃദ വേദികളായി സമ്മേളന സ്ഥലങ്ങളെ പ്രഖ്യാപിച്ച്, വരുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, ഇത്തരം പരിപാടികള്‍ ഇതിനോടകം തന്നെ ഒരുപാട് നടന്നു കഴിഞ്ഞു.  ശുചിത്വത്തെ പറ്റി പ്രസംഗിച്ചാല്‍ മാത്രം പോര, അത് നടപ്പാക്കുകയും വേണം.

ഇനി ബിജെപി ദേശീയ കൌണ്‍സില്‍ നടന്ന സ്ഥലത്ത് നടന്ന രസകരമായ ഒരു സംഭവത്തിന്‍റെ വീഡിയോ കാണാം.

സംഭവം ഇങ്ങനെ; സമ്മേളന നഗരിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കാന്‍ എത്തുമ്പോള്‍ കോഴിക്കോട് കടപ്പുറത്ത് നിറഞ്ഞ പകല്‍ വെളിച്ചമായിരുന്നു. ഈ സമയത്താണ് മൈക്കിലൂടെ സ്വാഗത പ്രാസംഗികന്റെ നിര്‍ദ്ദേശമെത്തിയത്. എല്ലാവരും സ്വന്തം മൊബൈലിലെ ടോര്‍ച്ച് അടിച്ച് കൈ ഉയര്‍ത്തണം. കൈയ്യില്‍ ടോര്‍ച്ച് ഇല്ലാത്തവര്‍ കൈയ്യടിക്കൂ. ഇത് കേട്ട് കൈയ്യടിക്കണോ ടോര്‍ച്ച് അടിക്കണോ അതോ മൊബൈല്‍ ഉയര്‍ത്തണോ എന്നറിയാതെ അണികള്‍ക്ക് ആശയക്കുഴപ്പം. പിന്നെ നടന്നത് നിങ്ങള്‍ തന്നെ കണ്ടുനോക്കൂ-

This post was last modified on December 27, 2016 4:53 pm