X

മാമുക്കോയയെ ‘കൊന്നത്’ മലയാളിയുടെ ഞരമ്പു രോഗം; മോഹന്‍ലാല്‍

അഴിമുഖം പ്രതിനിധി

ജീവിച്ചിരിക്കുന്ന ഒരാളുടെ മരണവാര്‍ത്ത പ്രചരിപ്പിച്ചു രസം കണ്ടെത്തുന്നവര്‍ക്കെതിരെ നടന്‍ മോഹന്‍ലാല്‍. ഇത്തരമൊരു വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം എന്താണെന്ന രോഷമാണ് തന്റെ ബ്ലോഗിലൂടെ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. എതുതരത്തിലുള്ള മനസ്സായിരിക്കും ഈ മനുഷ്യരുടെതെന്നും ലാല്‍ ആശങ്കപ്പെടുന്നു.

നടന്‍ മാമുക്കോയയുടെ വ്യാജമരണവാര്‍ത്ത നവമാധ്യമങ്ങളില്‍ പടര്‍ന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ലാല്‍ തന്റെ ബ്ലോഗില്‍ വിമര്‍ശാനാത്മകമായ കുറിപ്പ് എഴുതിയിരിക്കുന്നത്. പൂര്‍ണാരോഗ്യവാനായി ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇപ്പോഴും ജീവിച്ചിരിക്കുന്ന മാമുക്കോയയെ കൊന്നതുപോലെ പണ്ടു തന്നെയും പലവട്ടം കൊന്നിട്ടുണ്ടെന്ന് ലാല്‍ ഓര്‍ക്കുന്നു. ഫോണ്‍ സൗകര്യം പോലും ഇന്നത്തെയത്ര ഇല്ലാതിരുന്ന കാലത്ത് താന്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത തന്റെ അച്ഛന്റെയും അമ്മയുടെയും ചെവിയിലെത്തുകയാണ്. സത്യമെന്തെന്നറിയാതെ അവര്‍ തിന്ന തീയ്ക്ക് കണക്കില്ല. ഒടുവില്‍ ഫോണില്‍ കിട്ടിയപ്പോള്‍ തന്റെ ശബ്ദം കേട്ടിട്ടുപോലും ലാലൂ ഇതു നീ തന്നെയാണോ എന്നു വിശ്വാസം വരാതെ അമ്മയുടെ പലതവണ ചോദിച്ച കാര്യവും ലാല്‍ കുറിക്കുന്നുണ്ട്. ഈ സമയം ഞാന്‍ മനസ്സില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെയാണ് മാമൂക്കോയ മരിച്ചു എന്ന കള്ളവാര്‍ത്ത കേട്ടപ്പോളും ഞാന്‍ സ്വയം ചോദിച്ചത്. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന ആനന്ദം എന്താണ്. ഏതുതരത്തിലുള്ള മനസ്സായിരിക്കും ആ മനുഷ്യരുടെത്? – ലാല്‍ എഴുതുന്നു.

മരണവാര്‍ത്ത എപ്പോഴും നമ്മളില്‍ ഒരുഷോക്കായാണ് പതിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ യാതൊരു മടിയുമില്ലാതെ ജീവിച്ചിരിക്കുന്നൊരാള്‍ മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നയാളെ മനുഷ്യന്‍ എന്നും മൃഗം എന്നും വിളിക്കാന്‍ പറ്റില്ല. അതിലും എത്രയോ താഴെയാണ് അവരുടെ സ്ഥാനമെന്നും മോഹന്‍ലാല്‍ രോഷം കൊള്ളുന്നൂ. ഇതൊരു മാനസിക സംസ്‌കാരത്തിന്റെ പ്രശ്‌നമായിട്ടാണ് താന്‍ കാണുതെന്നും ലാല്‍ വ്യക്തമാക്കുന്നു. മാമുക്കോയ മരിച്ചു എന്ന വാര്‍ത്ത ആദ്യം ഇട്ടയാളെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടണമെന്നും മനസാക്ഷിയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ട് വ്യക്തികളെയും സമൂഹത്തെയും വഴി തെറ്റിക്കുന്നവരെ ക്രിമിനലുകളായി തന്നെ കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചെന്നു പ്രചരിപ്പിക്കാന്‍ മനസ്സുള്ളയാള്‍ അവസരം കിട്ടിയാല്‍ ഒരാളെ കൊല്ലില്ല എന്നതിനും എന്താണ് ഉറപ്പെന്നും മോഹന്‍ലാല്‍ ഭയപ്പെടുന്നു. നവമാധ്യമങ്ങള്‍ അത്ഭുതകരമായ സാധ്യതകളാണ് നമുക്ക് തുറന്നു തന്നിരിക്കുന്നതെങ്കിലും ഏറ്റവും വേഗം വിഷം കലക്കാവുന്ന ഒരു തടാകം കൂടിയാണ് അതെന്നും ലാല്‍ തന്റെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

This post was last modified on December 27, 2016 3:24 pm