X

മോഹന്‍ലാലിന്റെ പത്തനാപുരം പ്രചാരണം: നടന്‍ സലീകുമാര്‍ അമ്മയില്‍ നിന്നും രാജിവച്ചു

അഴിമുഖം പ്രതിനിധി

പത്തനാപുരത്ത് ഇടതുസ്ഥാനാര്‍ത്ഥിയായ ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ താരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പോയത് താര സംഘടനയായ അമ്മയില്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു. നടന്‍ സലീംകുമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചു. സംഘടനയുടെ തലപ്പത്തുള്ളവര്‍ താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതില്‍ പ്രതിഷേധിച്ചാണ് രാജി.

ഇന്നലെ നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ത്ഥിയായ ഗണേശ് കുമാറിനുവേണ്ടി പ്രചാരണത്തിന് പോയിരുന്നു. ഗണേശിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ സിനിമാ താരങ്ങളായ ജഗദീഷും ഭീമന്‍ രഘുവുമാണ്. അമ്മയുടെ തലപ്പത്തുള്ളവര്‍ ആര്‍ക്കു വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകരുതെന്നായിരുന്നു തീരുമാനമെന്നും അത് ലംഘിക്കപ്പെട്ടുവെന്നും സലീം കുമാര്‍ ആരോപിക്കുന്നു.

മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തില്‍ പോയത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് ജഗദീഷ് പറഞ്ഞു. അമ്മയില്‍ നിന്നും ആരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ലെന്നാണ് മോഹന്‍ലാല്‍ ആദ്യം പറഞ്ഞിരുന്നതെന്ന് ഭീമന്‍ രഘുവും പറഞ്ഞു.

മോഹന്‍ലാല്‍ തന്റേയും സുഹൃത്താണെന്നും ലാല്‍ പ്രചാരണത്തിന് പോയത് ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ജഗദീഷ് ആരോപിച്ചു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ലാല്‍ പോയതെന്നാണ് രഘുവിന്റെ വിശദീകരണം. ആരു വന്നാലും പത്താനപുരത്ത് താന്‍ ജയിക്കുമെന്ന് രഘു അവകാശപ്പെട്ടു.

അതേസമയം അമ്മ സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്ന് ഭാരവാഹിയായ ഇടവേള ബാബു വ്യക്തമാക്കി. പ്രചാരണത്തിന് പോകരുതെന്ന നിലപാട് സംഘടനയെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ് അഭ്യര്‍ത്ഥിച്ചു. കൊല്ലത്ത് പ്രചാരണത്തിന് എത്താമോയെന്ന് ആരാഞ്ഞിരുന്നുവെങ്കിലും തിരക്കുകള്‍ കാരണം അദ്ദേഹം ഒഴിയുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

ഗണേശ് കുമാറിനുവേണ്ടി ലാല്‍ പ്രചാരണത്തിന് പോയതില്‍ തെറ്റില്ലെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കി. വ്യക്തി ബന്ധങ്ങള്‍ കൂടി നോക്കിയാണ് താരങ്ങള്‍ പ്രചാരണത്തിനു പോകുന്നതെന്നും അതിനെ വിലക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാര്‍ രാജി വച്ചതില്‍ കുറപ്പമില്ലെന്നും അദ്ദേഹം ഇതുവരെ ചെയത് സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 4:08 pm