X

ന്യൂനപക്ഷ കൊലപാതകങ്ങള്‍ തടയാന്‍ ബംഗ്ലാദേശില്‍ കൂട്ടഅറസ്റ്റ്

അഴിമുഖം പ്രതിനിധി

ന്യൂനപക്ഷങ്ങളേയും ബ്ലോഗര്‍മാരേയും കൊലപ്പെടുത്തുന്നത് തടയാന്‍ തീവ്രവാദികള്‍ അടക്കം 3,000-ത്തില്‍ അധികം പേരെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു. ചിറ്റഗോംങില്‍ കഴിഞ്ഞയാഴ്ച ഒരു മുതിര്‍ന്ന പൊലീസ് ഓഫീസറുടെ ഭാര്യ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് റെയ്ഡുകള്‍ ആരംഭിച്ചത്.

ഏറെനാളായി നടന്നു വരുന്ന കൊലപാതക പരമ്പരയ്ക്ക് തടയിടാന്‍ രണ്ടു ദിവസം മുമ്പാണ് പൊലീസ് റെയ്ഡുകള്‍ ആരംഭിച്ചത്. കൂടുതല്‍ ആക്രമണങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കരുതുന്ന ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ അഞ്ച് അംഗങ്ങള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കൊലപാതകങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായ തെരച്ചില്‍ നടത്തിയത്. കൊലപാതകികളെ പിടികൂടുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.

മത, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ബ്ലോഗര്‍മാര്‍ക്കും വിദേശികള്‍ക്കും എതിരെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടര്‍ച്ചയായ ആക്രമണം നടന്നുവരികയാണ്. കഴിഞ്ഞ ഏപ്രില്‍ 23-ന് ഒരു സര്‍വകലാശാല പ്രൊഫസര്‍ വീടിന് സമീപത്ത് കൊല്ലപ്പെട്ടു. ഏപ്രില്‍ 25-ന് എല്‍ജിബിടി മാസികയായ റൂപ്ബനിന്റെ ഒരു മുതിര്‍ന്ന എഡിറ്റര്‍ വെട്ടേറ്റു മരിച്ചിരുന്നു. മെയ് 14-ന് 70 വയസ്സുള്ള ബുദ്ധസന്ന്യാസിയെ ഒരു ആശ്രമത്തിലും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

This post was last modified on December 27, 2016 4:12 pm