X

ലോക്കപ്പിൽ നരബലി, ക്ഷേത്രത്തിൽ മൃഗബലി; കാക്കിപ്പട ചുവക്കുന്നു എന്നതുമാത്രമല്ല പ്രശ്നം

രാഷ്ട്രീയ നേതൃത്വത്തെ സുഖിപ്പിച്ചു എങ്ങനെ മേലനങ്ങാതെ സുഖിച്ചു ജീവിക്കാം എന്ന് നമ്മുടെ പോലീസുകാർ വളരെ എളുപ്പത്തിൽ തന്നെ കണ്ടെത്തുകയും അതിനു രാഷ്ട്രീയ മേളാളന്മാർ സമ്മതം മൂളുകയും ചെയ്തിടത്താണ് കാര്യങ്ങൾ കൈവിട്ടു പോയത്

‘രാഷ്ട്രീയം പാടില്ലെന്ന വ്യവസ്ഥ കാറ്റിൽ പറത്തി കേരള പോലീസ് അസോസിയേഷൻ ചുവക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. അസോസിയേഷൻ ജില്ലാ സമ്മേളനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അപകടകരമാണെന്നും ഇന്റലിജൻസ് മേധാവി ടി കെ വിനോദ്‌കുമാർ റിപ്പോര്‍ട്ട് നൽകി. സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്ന പ്രത്യേക കത്തും കൈമാറി. പോലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ രക്തസാക്ഷി സ്തൂപങ്ങൾ സ്ഥാപിച്ച് ‘ഇൻക്വിലാബ്‌ സിന്ദാബാദ്’ വിളിക്കുന്നത് അച്ചടക്കത്തിനു ചേർന്നതല്ല. ഔദ്യോഗിക പദവികളിലില്ലാത്ത ഭരണകക്ഷി നേതാക്കളെ വിളിച്ച് പ്രസംഗിപ്പിക്കുന്നതും സേനയെ രാഷ്ട്രീയമായി ഭിന്നിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.’

ഇന്നലത്തെ മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജ് ലീഡ് വാർത്തയുടെ ആദ്യത്തെ രണ്ടു ഖണ്ഡികയാണ് മുകളിൽ ചേർത്തിരിക്കുന്നത്. വാർത്തയുടെ തലക്കെട്ട് കടും ചുവപ്പിൽ ‘പോലീസിനെ ചുവപ്പിക്കരുത്’ എന്നും കൊടുത്തിട്ടുണ്ട്. വാർത്തക്ക് ചേരുവയായി ‘ഔദോഗിക ചിഹ്നവും മാറുന്നു’ എന്ന തലക്കെട്ടിൽ ഒരു പെട്ടിക്കോളം വാർത്തയും ഒപ്പം ‘മുദ്രാവാക്യം പൊലീസിലെ രക്തസാക്ഷികൾക്കായി’ എന്ന ശീർഷകത്തിൽ പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി ജി അനില്‍കുമാറിന്റെ ഒരു വിശദീകരണം അടക്കം ചുവന്ന രക്തസാക്ഷി സ്തൂപങ്ങൾക്കു മുൻപിൽ നിന്ന് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്ന പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ നിന്നുള്ള ഫോട്ടോ സഹിതമുള്ള മറ്റൊരു ബോക്സ് സ്റ്റോറിയും ഉണ്ട്.

തീർന്നില്ല, കാഴ്ചപ്പാട് (മനോരമയുടെ എഡിറ്റ് പേജ്) പേജിൽ മുൻ ഡി ജി പി എം ജി എ രാമൻ വക ‘രാഷ്ട്രീയ മൈത്രിയല്ല, ജനമൈത്രി’ എന്ന ശീർഷകത്തിൽ ഒരു കൊച്ചു ഉപദേശ ലേഖനവും ഉണ്ട്. കെ കരുണാകരന്റെ സ്വന്തം ആളെന്ന് സി പി എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല കേരള ഗാന്ധി എ കെ ആന്റണിയുടെ പേരിൽ രൂപീകരിക്കപ്പെട്ട എ കോൺഗ്രസ് പോലും ഒരിക്കൽ ആക്ഷേപം ചൊരിഞ്ഞ ആളാണ് പ്രസ്തുത ലേഖകൻ എന്ന കാര്യം മറക്കരുത്.

പൊലീസ് സംഘടനയെ കുറിച്ചെഴുതാന്‍ മനോരമയെ തന്നെ കൂട്ടുപിടിച്ചത് ആ പത്രത്തിന്റെ സ്ഥിരതയില്ലാത്ത ഏർപ്പാടുകൾ മുൻനിര്‍ത്തിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ആദ്യമായി അധികാരത്തിൽ വരുന്നതിനു മുൻപും ശേഷവുമുള്ള ആ പത്രത്തിലെ വാർത്തകളും എഡിറ്റോറിയലും അടിവരയിട്ടു പറയുന്ന ഏക കാര്യം കമ്മ്യൂണിസ്റ്റ് സർക്കാരുകളോട് മാത്രമല്ല കമ്മ്യൂണിസ്റ്റുകളോടും കമ്മ്യൂണിസ്റ്റ് ആശയത്തോടുമുള്ള പ്രസ്തുത സ്ഥാപനത്തിന്റെ കൊടിയ വിദ്വേഷവും മുതലാളിത്ത സംരക്ഷണ താല്പര്യവും തന്നെയാണ്. എങ്കിലും തങ്ങളുടെ ഉപജാപങ്ങളെ മറികടന്നു ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരുകളെ എങ്ങിനെ കൈയ്യിലെടുക്കാമെന്നും അവർക്കു നന്നായി അറിയാം. സി പി എം മുഖപത്രമായ ദേശാഭിമാനിയെ പോലും വെല്ലും വിധം ഇ എം എസ്സിന്റെയും നയനാരുടെയും വി എസ്സിന്റെയും മാത്രമല്ല ഇപ്പോൾ പിണറായി വിജയന്റെ പോലും ജന്മദിനവും വീട്ടിലെ കൊച്ചു മക്കളുടെ ചോറൂണും ആഘോഷമാക്കുന്ന ഈ പത്രം വയനാട്ടിലെ ആദിവാസികൾ അടക്കമുള്ള അധസ്ഥിതർക്കുവേണ്ടി പൊരുതിയ അരീക്കാട്ട് വർഗീസ് എന്ന ചെറുപ്പക്കാരന്റെ മരണത്തിൽ എടുത്ത നിലപാടും കക്കയം മുതൽ ശാസ്തമംഗലം വരെ നീളുന്ന കോൺസെൻട്രേഷൻ ക്യാമ്പുകളെയും എങ്ങിനെ കണ്ടിരുന്നുവെന്നതും ആലോചനാ വിഷയം തന്നെ.

മനോരമ അതിന്റെ വലതുപക്ഷ രാഷ്ട്രീയ ദൗത്യം അന്നും ഇന്നും അവിരാമം തുടരുന്നു എന്നത് ആ പത്രത്തിനോ അതിന്റെ നടത്തിപ്പുകാർക്കോ നിഷേധിക്കാനാവാത്ത ഒന്ന് തന്നെ. എന്ന് കരുതി മുകളിൽ പറഞ്ഞ വാർത്തക്ക് മനോരമ നൽകിയ പ്രാധാന്യത്തെ കേരളത്തിന്റെ പുതിയ സാഹചര്യത്തിൽ ഒട്ടും കുറച്ചുകാണാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും പോലീസ് കൂടുതൽ കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ!

വാർത്ത ഏറെ കാലിക പ്രസക്തിയുള്ള ഒന്ന് തന്നെ. പ്രത്യേകിച്ചും കസ്റ്റഡി മരണങ്ങൾ വർധിക്കുകയും ജനമൈത്രി പോലീസ് എന്ന പിണറായി സർക്കാരിന്റെ പുതിയ സൂത്രവാക്യം കണ്ണൂർ ചക്കരക്കല്ലു പോലുള്ള ചുരുക്കം ചില പോലീസ് സ്റ്റേഷനുകളുകളിലേക്ക്‌ ഒതുങ്ങുകയും ചെയ്യുന്ന ഇക്കാലത്ത്‌. തീർന്നില്ല, നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതെന്ന് കൊട്ടി ഘോഷിക്കപ്പെടുന്ന കേരള പോലീസിന്റെ നവ ചരിത്രം. ലോക്കപ്പിൽ നരബലിയും ക്ഷേത്രത്തിൽ മൃഗബലിയുമായി മുന്നേറുന്ന കാക്കിപ്പടയുടെ മാഹാത്മ്യം.

പോലീസ് സേനയിലെ രാഷ്ട്രീയവൽക്കരണം ഇന്നിപ്പോൾ പെട്ടെന്ന് ഉണ്ടായ ഒരു സംഭവമല്ല. കേരളത്തെക്കുറിച്ചു പറയുകയാണെങ്കിൽ സായിപ്പിന്റെ പഴയ കൂലിപോലീസ് സ്വാതന്ത്ര്യത്തിനു ശേഷം മാറ്റമൊന്നും കൂടാതെ തുടർന്നു. മാറി മാറി വന്ന സർക്കാരുകൾ തങ്ങളുടെ ആവശ്യത്തിനായി അവരെ വീണ്ടും പലവിധം ഉപായോഗിച്ചുകൊണ്ടേയിരുന്നു. അതിന്നും തുടരുന്നു എന്നേയുള്ളു .

1979ൽ വന്ന ഒരു കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ ബലത്തിലാണ് തൊട്ടടുത്ത വര്‍ഷം കേരളത്തിൽ പോലീസ് അസോസിയേഷൻ ഉണ്ടായത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സർക്കാരുകൾ മാറി മാറി വരുന്ന കേരളത്തിൽ എങ്ങിനെ കുഴപ്പമില്ലാതെ പോകാം എന്ന പോലീസ് ചിന്തയാണ് അതിനുള്ളിൽ ഇടതു വലതു ചേരികൾ സൃഷ്ടിച്ചത്. രാഷ്ട്രീയ നേതൃത്വത്തെ സുഖിപ്പിച്ചു എങ്ങനെ മേലനങ്ങാതെ സുഖിച്ചു ജീവിക്കാം എന്ന് നമ്മുടെ പോലീസുകാർ വളരെ എളുപ്പത്തിൽ തന്നെ കണ്ടെത്തുകയും അതിനു രാഷ്ട്രീയ മേളാളന്മാർ സമ്മതം മൂളുകയും ചെയ്തിടത്താണ് കാര്യങ്ങൾ കൈവിട്ടു പോയത്. ഇന്നിപ്പോൾ പോലീസ് സേനക്കുള്ളിൽ രഹസ്യം എന്നൊന്നില്ല എന്നും പോയിപ്പോയി ആർ എസ് എസ്സിനും എൻ ഡി എഫിനും പോലും സ്വന്തം ആൾക്കാർ സുലഭമായി ഉള്ള ഒരിടം എന്ന നിലക്കുകൂടി നമ്മുടെ സംവിധാനം എത്തിച്ചേർന്നിരിക്കുന്നു എന്നതുമാണ് യാഥാര്‍ത്ഥ്യം.

പോലീസ് സേന അവരുടെ രക്തസാക്ഷികളെ അനുസ്മരിച്ചോട്ടെ. പക്ഷെ ജനമൈത്രി പൊലീസിന്‍റെ പേര് പറഞ്ഞു പാവം അപ്പാവികളെ അടിച്ചും ഉരുട്ടിയും കൊന്നുകൊണ്ടുള്ള ഈ ഏർപ്പാട് സേനക്ക് മാത്രമല്ല അവരെ വാഴിക്കുന്ന രാഷ്ട്രീയക്കാർക്കും വിനയാവുമെന്നു ഇനിയെങ്കിലും അവരും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നു തോന്നുന്നു. അല്ലെങ്കിൽ പോലീസുകാർക്കിടയിലെ പിടിച്ചുപറിക്കാരും ഉരുട്ടുവീരമാരും നരബലിക്കാരും മൃഗബലിക്കാരും ഇവിടെ പെരുകി കൂടെയിരിക്കും തീർച്ച.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts