X

വിഎസിന്റെ ദൗത്യസംഘത്തെ പ്രാര്‍ത്ഥിച്ച് ഓടിച്ചതാണെന്ന് ടോം സഖറിയ

പ്രാര്‍ത്ഥന ശക്തമായതോടെ മൂന്നാറിലെ കെട്ടിടം പൊളിക്കല്‍ നിര്‍ത്തിവച്ചു

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തെ തങ്ങള്‍ പ്രാര്‍ത്ഥിച്ച് ഓടിക്കുകയായിരുന്നുവെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സഖറിയ. ടോം സഖറിയ ചീഫ് എഡിറ്ററായ സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസിക ഹോളി ക്യൂനില്‍ 2014 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നത്.

ടോം സഖറിയയുടെ പേര് വച്ചാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശത്രുവായ സര്‍ക്കാരിനെ പ്രാര്‍ത്ഥനയിലൂടെ തുരത്തണമെന്ന് അമ്മ മറിയം തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നുവെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ മൂന്നാറിലെ പാവങ്ങളുടെ വസ്തുവകകളാണ് നശിപ്പിച്ചുകൊണ്ടിരുന്നത്. പട്ടയങ്ങള്‍ വ്യാജമാണെന്ന് വരുത്തി തീര്‍ത്തു. മൂന്നാര്‍ ശ്മശാനഭൂമിയായി. ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച ചിന്നക്കനാലിലും എത്തിയപ്പോഴാണ് അമ്മ മറിയം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ടോം സഖറിയ അവകാശപ്പെടുന്നു.

ഇതേ തുടര്‍ന്ന് 2007 ജൂണ്‍ ഒന്നിന് സ്പിരിറ്റ് ഇന്‍ ജീസസ് മൂന്ന് ദിവസം നീണ്ട പ്രാര്‍ത്ഥന നടത്തിയിരുന്നു. പ്രാര്‍ത്ഥന ശക്തമായതോടെ മൂന്നാറിലെ കെട്ടിടം പൊളിക്കല്‍ നിര്‍ത്തിവച്ചു. തുടക്കത്തില്‍ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടാതിരുന്ന കോടതിയുടെ മനസ് മാറിയത് തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായാണെന്നാണ് ഇയാളുടെ അവകാശവാദം.

2008 ഒക്ടോബര്‍ വരെ സ്പിരിറ്റ് ഇന്‍ ജീസസിന് സൂര്യനെല്ലിയില്‍ ഭൂമിയോ കെട്ടിടമോ ഉണ്ടായിരുന്നില്ല. തന്റെ പിതാവ് നല്‍കിയ മൂന്നേക്കര്‍ ഭൂമിയിലാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും ടോം സഖറിയ മുഖപ്രസംഗത്തില്‍ വിവരിക്കുന്നു.

This post was last modified on April 24, 2017 5:21 pm