X

ചരിത്രമെഴുതി മൂന്നാര്‍; പെമ്പിള സമരത്തിന് ഉജ്വല വിജയം

അഴിമുഖം പ്രതിനിധി

തൊഴിലാളികള്‍ വിജയിച്ചു. മൂന്നാറില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്നുവന്ന ഐതിഹാസിക സമരത്തിനു ശുഭാന്ത്യം. തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ 20 ശതമാനം ബോണസ് കമ്പനി അംഗീകരിച്ചു. 8.33 ശതമാനം ബോണസും 11.66 ശതമാനം ആശ്വാസ സഹായവും( എക്‌സ്‌ഗ്രേഷ്യ) ആയാണ് നല്‍കുക. കമ്പനിയധികൃതരും തൊഴിലാളി പ്രതിനിധികളുമായി കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ക്ക് അംഗീകരമായത്.

ദിവസക്കൂലി വര്‍ദ്ധനയുടെ കാര്യത്തില്‍ തത്വത്തില്‍ അംഗീകാരമായെങ്കിലും ഇതു സംബന്ധിച്ച അന്തിമതീരുമാനം ഈ മാസം 26 ന് നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാകും.ശമ്പള വര്‍ദ്ധനവ് എത്രയും വേഗത്തില്‍ നടപ്പിലാക്കുമെന്നും എന്നാല്‍ ഒറ്റദിവസത്തെ ചര്‍ച്ച കൊണ്ട് ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് 26 ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷണറോട് ചര്‍ച്ച നടത്തും. ഇതിനായി ഒരു കമ്മിറ്റി വിളിച്ചു ചേര്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സ്‌കാനിങ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കും.

സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി തന്നെ തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ടു. സര്‍ക്കാരിന് ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക കേസ് എന്ന നിലയില്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം രാവിലെ മൂന്നാറിലെത്തിയ വി എസ് അച്യുതാനന്ദനാണ് ചര്‍ച്ച വിജയമായ കാര്യം സമരം ചെയ്യുന്ന തൊഴിലാളികളെ അറിയിച്ചത്. വിവരമറിഞ്ഞതോടെ മൂന്നാറില്‍ വലിയൊരു ആഹ്ലാദാന്തരീക്ഷമാണ് ഉടലെടുത്തത്. തൊഴിലാളികള്‍ക്ക് താന്‍ നല്‍കിയ വാക്ക് പാലിച്ചാണ് മടങ്ങുന്നതെന്നും വി എസ് അറിയിച്ചു. ഇനിയും തൊഴിലാളികള്‍ക്കൊപ്പം ഉണ്ടാകും. അവസാനിച്ചത് ഐതിഹാസിക സമരമാണെന്നും വി എസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബോണസ് വിഷയത്തില്‍ തീരുമാനം ഉണ്ടായതിന്‍ പ്രകാരം ഇപ്പോള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കുകയാണെന്നും 26 ന് നടക്കുന്ന ചര്‍ച്ചയില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും സമരനേതാക്കള്‍ അറിയിച്ചു. കാര്യങ്ങള്‍ പ്രതികൂലമാണെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്ന മുന്നറിയിപ്പും സമരക്കാര്‍ ആഹ്ലാദത്തിനിടയിലും വിളിച്ചു പറയുന്നുണ്ടായിരുന്നു.

This post was last modified on December 27, 2016 3:20 pm