X

മഞ്ചേശ്വരത്ത് ജയിക്കാനായത് പ്രാര്‍ത്ഥന കൊണ്ടെന്ന് മുസ്ലിലീഗ്

അഴിമുഖം പ്രതിനിധി

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വോട്ടു മറിച്ചു നല്‍കിയെന്ന് മുസ്ലിംലീഗ് നേതാവ് കെപിഎ മജീദ് ആരോപിച്ചു. വ്യക്തിപരമായ വലിയ താല്‍പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയ നേട്ടങ്ങള്‍ക്കും വേണ്ടി വോട്ടു മറിച്ചു നല്‍കിയ കാന്തപുരം കേരളത്തിലെ മുസ്ലിം സമുദായത്തോടും മതേതര വിശ്വാസികളോടും ചെയ്ത കടുത്ത വഞ്ചനയാണെന്ന് മജീദ് ചന്ദ്രികയിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു.

ഇന്ത്യയിലെ മുസ്ലിംങ്ങളെ ഭിന്നിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു കാന്തപുരം. എന്നാല്‍ ഇടതു സ്ഥാനാത്ഥിയെ വിളിച്ച് താങ്കള്‍ക്കാണ് പിന്തുണയെന്ന് പറയാനും കാന്തപുരം ശ്രമിച്ചിട്ടുണ്ടാകുമെന്നും മജീദ് ആരോപിക്കുന്നു. കാന്തപുരത്തിന്റെ വോട്ടുമറിക്കല്‍ ഉണ്ടായിട്ടും മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് ജയിക്കാനായത് ശക്തമായ പ്രവര്‍ത്തന ഫലവും ദൈവ കടാക്ഷവും സമുദായത്തിന്റെ പ്രാര്‍ത്ഥനയും കൊണ്ടാണെന്ന് മജീദ് പറയുന്നു. ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മുസ്ലിംലീഗ് 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മഞ്ചേശ്വരത്ത് വിജയിച്ചത്. കാന്തപുരം ഒഴികെയുള്ള സര്‍വ മുസ്ലിം സംഘടനകളും മതേതര സമൂഹവും ഒന്നിച്ച് നടത്തിയ കഠിന പ്രയത്‌നം കൊണ്ടുമാത്രമാണ് ഉത്തര കേരളത്തില്‍ സംഘപരിവാറിന് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 4:13 pm