X

തിരുവമ്പാടിയില്‍ മുസ്ലിംലീഗ് കോണ്‍ഗ്രസിനെ പറഞ്ഞ് പറ്റിച്ചു

അഴിമുഖം പ്രതിനിധി

തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസിന് കൈമാറാമെന്ന് മുസ്ലിംലീഗിനുവേണ്ടി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എഴുതി ഒപ്പിട്ടു നല്‍കിയ ഉറപ്പിന്റെ വിവരങ്ങള്‍ പുറത്തായി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മലയോര കുടിയേറ്റ കര്‍ഷകരുടെ പ്രാതിനിധ്യം മണ്ഡലത്തില്‍ വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അന്ന് ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കരാര്‍ ഉണ്ടാക്കിയത്.

കരാര്‍ ഒപ്പിടുന്ന സമയത്ത് താമരശേരി രൂപത ബിഷപ്പും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും സന്നിഹിതരായിരുന്നു. അന്നും കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസിന് കൈമാറാമെന്ന് ഈ ഉടമ്പടി പ്രകാരം ലീഗ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത്തവണ തിരുവമ്പാടി അടക്കമുള്ള 20 സീറ്റുകളില്‍ ലീഗ് നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് മലയോര വികസന സമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പല കത്തുകളും എഴുതിയിട്ടുണ്ടാകും എന്നും തിരുവനമ്പാടിയുടെ കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നതെന്നും അതില്‍ 20 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ സമയം പോലെ അറിയിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും സംസാരിച്ചോളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനമ്പാടി സീറ്റ് ലീഗിന്റേതാണെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തിരുവനമ്പാടിയില്‍ തര്‍ക്കം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:48 pm