X

ശ്രീരാമന്‍ മനുഷ്യാവകാശ ലംഘകനാണെന്നു പറഞ്ഞ ദളിത് പ്രൊഫസര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഹിന്ദു ദൈവം രാമനെ അധിക്ഷേപിച്ചു എന്ന കേസില്‍ രാജ്യത്തെ ആദ്യത്തെ ദളിത് ബുദ്ധിസ്റ്റ് പ്രൊഫസര്‍ എന്നറിയപ്പെടുന്ന ബി പി മഹേഷ് ചന്ദ്ര ഗുരുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ പ്രൊഫസറാണ് ചന്ദ്ര ഗുരു. ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത് 2015 ജനുവരിയിലാണ്.

എന്നാല്‍2015 ജനുവരി മൂന്നിനാണ് ഇപ്പോള്‍ മഹേഷ് ചന്ദ്ര ഗുരുവിനെ അറസ്റ്റ് ചെയ്ത കേസിനാസ്പദമായ സംഭവം നടന്നത്. ‘മീഡിയ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായി യുജിസി നടത്തിയ സെമിനാറിലായിരുന്നു മഹേഷ് ചന്ദ്ര ഗുരു രാമനെ വിമര്‍ശിച്ചു സംസാരിച്ചത് ‘രാമായണത്തിലെ രാമന്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചിരുന്നു. സീതയുടെ ചാരിത്ര്യത്തെ സംശയിക്കുകയും സീതയെ ഇരയാക്കുകയും ചെയ്തു രാമന്‍. മനുഷ്യാവകാശങ്ങളുടെ ലംഘനമായാണ് ഞാനിത് നോക്കിക്കാണുന്നത്. മാധ്യമങ്ങള്‍ രാമനെ ശ്രേഷ്ഠനായ വ്യക്തിയായാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്’. ഇതായിരുന്നു മഹേഷ് ചന്ദ്ര ഗുരുവിന്റെ വാക്കുകള്‍.

കര്‍ണാടു സര്‍വോദയ സേനയുടെ പ്രവര്‍ത്തകനായ രവിശങ്കര്‍ എന്നയാളാണ് അന്ന് മഹേഷ് ചന്ദ്ര ഗുരുവിനെതിരെ ജയലക്ഷ്മിപുരം പോലീസ് സ്‌റ്റേഷനില്‍ കേസ് നല്‍കിയിരുന്നത്. കര്‍ണാടകയിലെ മഹിഷാസുര മൂവ്‌മെന്റിന്റെ പ്രധാന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് മഹേഷ് ചന്ദ്ര ഗുരു. കോടതിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മഹേഷ് ചന്ദ്ര ഗുരുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.ജാമ്യം വേണ്ടെന്നു ഗുരു ശഠിച്ചതോടെയാണ് റിമാന്‍ഡില്‍ അയച്ചത്.

കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ മൂന്നാംകിട നടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്തുപറയാന്‍ സാധിക്കാത്ത തരത്തിലുമുള്ള അസഭ്യം പറഞ്ഞെന്നും ആരോപിച്ച് ഡോ. ചിന രാമു എന്നയാള്‍ പോലീസിനു നല്‍കിയ പരാതിയും മഹേഷ് ചന്ദ്ര ഗുരുവിനെതിരെയുണ്ട്.

 

This post was last modified on December 27, 2016 4:17 pm