X

ഇന്ത്യൻ രാഷ്ട്രീയത്തിൽ പാഴാകാനിരിക്കുന്ന മൂന്നു വർഷങ്ങൾ

ടീം അഴിമുഖം

നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണവര്‍ ഇത്ര തീവ്രമായി കലാലയ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്? അല്ലെങ്കില്‍ എന്താണ് ഇതിനു പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍? 

കേന്ദ്രസര്‍ക്കാര്‍ കലാലയവളപ്പുകളിലേക്ക് ഇടിച്ചുകയറുകയും ഉന്നതവിദ്യാഭ്യാസത്തിന്റെ നടുവില്‍ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

ജെ എന്‍ യു വിവാദം ദേശീയരാഷ്ട്രീയത്തിലേക്ക് കടന്നതോടെ ഇതിന് വ്യക്തമായ ഉത്തരങ്ങള്‍ ഇപ്പോളുണ്ട്. തങ്ങളുടെ അതിദേശീയതാവാദം ഒരു പ്രധാന അജണ്ടയായി മുന്നോട്ടുകൊണ്ടുപോകാന്‍ ബി ജെ പി തീരുമാനിച്ചിരിക്കുന്നു. അതിനര്‍ത്ഥം മെച്ചപ്പെട്ട ഭരണനിര്‍വ്വഹണത്തിനും നടത്തിപ്പിനുമായി മുന്നില്‍ക്കിടക്കുന്ന നിരവധി മാസങ്ങള്‍ ബലികഴിക്കാന്‍ അവര്‍ തയ്യാറാണ് എന്നാണ്.

അതുകൊണ്ടാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ജെ എന്‍ യു, രോഹിത് വെമൂല പ്രശ്നങ്ങളടക്കം എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാകാമെന്ന് ചൊവ്വാഴ്ച്ച നടന്ന സര്‍വകക്ഷിയോഗത്തില്‍ അവര്‍ സമ്മതിച്ചതും. കാരണം ടെലിവിഷനില്‍ തത്സമയം അവര്‍ക്ക് തങ്ങളുടെ അതിദേശീയതാക്രോശം രാജ്യത്തിന് മുന്നില്‍ പ്രകടിപ്പിക്കാനാകും.

ദേശാഭിമാനം പ്രഖ്യാപിക്കുന്ന കളിയില്‍ തങ്ങളാണ് മുന്നിലെന്ന് അവര്‍ വിശ്വസിക്കുന്നു. കാരണം ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും വാദങ്ങള്‍, വര്‍ഗീയവിഷം വമിപ്പിക്കുന്ന വാദങ്ങളോട് പിടിച്ചുനില്‍ക്കില്ല.

ലെഫ്റ്റ് ലിബറലുകളുടെ പിടിയില് നിന്ന് ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമം എന്നാണു അവരുടെ വാദം; അതുവഴി ഇന്ത്യൻ വിദ്യാർഥി രാഷ്ട്രീയത്തെ വലതുപക്ഷവത്ക്കരിക്കാനും. 

പക്ഷേ അവര്‍ വിജയിക്കുമോ? അതാണ് ചോദ്യം. പലരും കരുതുന്നത് സര്‍ക്കാരിന്റെ പദ്ധതി പൊളിഞ്ഞെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ വലത്തോട്ട് തള്ളിനീക്കാനുള്ള ശ്രമത്തില്‍ അവര്‍ സമയം പാഴാക്കുകയാണെന്നുമാണ്.

ജെ എന് യു വിവാദത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീവ്രനിലപാടിന്റെ അടിയന്തര പ്രത്യാഘാതം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബഹളത്തില്‍ മുങ്ങി ഒലിച്ചുപോവുക എന്നതാണ്. ജി എസ് ടി അടക്കം ഒരു പ്രധാന നിയമ നിര്‍മാണവും ഇത്തവണയും നടക്കില്ല. പരിഷ്കരണ നടപടികളും വഴിമുട്ടിനില്ക്കും.

ഇത്രയൊക്കെ രാഷ്ട്രീയ അപായസാധ്യതകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ കലാലയരാഷ്ട്രീയത്തില്‍ ഇത്ര സജീവമായി ഇടപെടുന്നത്?

നമുക്ക് എത്തിച്ചേരാവുന്ന നിഗമനം അവര്‍ ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള തട്ടിപ്പുവര്‍ത്തമാനങ്ങളൊക്കെ അവസാനിപ്പിച്ചു ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു എന്നാണ്. അടുത്ത മൂന്നുവര്‍ഷങ്ങള്‍ ഇന്ത്യ സംബന്ധിച്ച് പാഴായിപ്പോകും എന്നുമാണ് അതിനര്‍ത്ഥം.

ബി ജെ പിക്കുള്ള നേട്ടം എന്താകാം?

രാജ്യം വലതുപക്ഷത്തേക്ക് ചായുകയും തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്ന ഭൂരിപക്ഷവാദ ആഖ്യാനം അവരെ ഏറെക്കാലം അധികാരത്തില്‍ നിലനിര്‍ത്തുകയും ചെയ്യും. ഗുജറാത്തില്‍ മോദിക്ക് കീഴില്‍ പ്രയോഗിച്ച് വിജയിച്ച ഒരു തന്ത്രമായിരുന്നു ഇത്. മോദിയുടെ ഭരണത്തിന്റെ തുടക്കക്കാലത്തുതന്നെ വര്‍ഗീയകലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്തു. അതിനുശേഷം ഭൂരിപക്ഷഹിന്ദുക്കളുടെ വോട്ടുനേടി വിജയം നിലനിര്‍ത്തിയ മോദിക്ക് വികസന മിശിഹായായി ചമഞ്ഞുനടക്കാനും സാധിച്ചു.

ഇന്ത്യ ഭരിക്കുന്നത് അത്രയും എളുപ്പമാണോ? മോദിയുടെ തന്ത്രം ഇന്ത്യയിലാകെ വിജയിക്കുമോ? അടുത്ത നിരവധി മാസങ്ങളിലായുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍, തെരുവിലാലുന്ന പ്രതിഷേധങ്ങളില്‍, നമ്മുടെ കലാലയ വളപ്പുകളില്‍, എല്ലാത്തിനുമൊടുവില്‍ 2019-ല്‍ അതിനുള്ള ഉത്തരങ്ങള്‍ കാത്തുകിടക്കുന്നുണ്ട്.

This post was last modified on February 17, 2016 6:06 pm