157 കേസുകൾ. ഒന്ന് പോലും തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ല. ഓരോ വിചാരണ കഴിഞ്ഞ് സ്വാതന്ത്രയാകുമ്പോഴും അടുത്ത കേസ് പിടിമുറുക്കും. ഇത്രയേറെ ആരോപണങ്ങൾ നേരിടുന്നതിനാൽ തെളിവില്ലാ കേസുകളുടെ പേരിൽ പുറം ലോകം കാണാതെ കഴിയേണ്ടി വന്നത് 4380 ദിവസങ്ങൾ.
ഞെട്ടിപ്പിക്കുന്നതാണ് തെലങ്കാന സ്വദേശിനിയായ നിർമലാക്ക എന്ന സ്ത്രീയുടെ ജീവിതം . 2007 ലാണ് നക്സൽ ബന്ധങ്ങൾ ആരോപിച്ച് നിർമാലക്കയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർക്കെതിരെ തുടരെ തുടരെ കേസുകളായിരുന്നു. ഛത്തീസ്ഗഡിലെ വിവിധ കോടതികളിലായിരുന്നു വിചാരണ. ആദിവാസി സ്ത്രീകളുടെ വിപ്ലവപ്രസ്ഥാനമായ ദണ്ഡകർണ്യ ക്രാന്തികരി ആദിവാസി മഹിളാ സംഗതൻ എന്ന നിരോധിത പ്രസ്ഥാനത്തിന്റെ സെക്രട്ടറി എന്നാണ് നിർമലാക്ക പരക്കെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നീണ്ട 12 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തിറങ്ങിയപ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് എനിക്കിപ്പോൾ ഒന്നും പറയാനാകുന്നില്ല എന്നായിരുന്നു നിർമലാക്കയുടെ മറുപടി.
നക്സൽ ബന്ധങ്ങളും ആക്രമണപ്രവർത്തനങ്ങളും മറ്റും ആരോപിച്ചുകൊണ്ട് 157 കേസുകൾ ഇവർക്കെതിരെ വന്നെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ശിക്ഷ നല്കാതിരിക്കുകയായിരുന്നു. കേസുകളുടെ ഈ ബാഹുല്യമാണ് മോചിപ്പിക്കപ്പെടാതെ നീണ്ട 12 വർഷങ്ങൾ ഇവർക്ക് ജയിലിൽ കിടക്കേണ്ടി വന്നത്. ഏപ്രിൽ 2നാണ് എല്ലാ നിയമകുരുക്കുകൾക്കും അഴിച്ച് ഇവർക്ക് പുറത്തവരാനായത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഭർത്താവ് ചന്ദ്രശേഖർ റെഡ്ഢിയെ കോടതി സ്വാതന്ത്രനാക്കിയിരുന്നു.
വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് ഇറങ്ങിയിട്ട് ഇനി എന്താണ് ഭാവി പ്രവർത്തനങ്ങൾ എന്ന ചോദ്യത്തിന് കണ്ണീരോടെയാണ് നിർമ്മലാക്ക മറുപടി പറഞ്ഞതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇനിയെങ്കിലും എനിക്ക് എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം”. തടവറയിലെ ഭീകര അനുഭവങ്ങൾക്ക് ശേഷം നിർമ്മലാക്ക പറഞ്ഞു.
Leave a Comment