X

മുപ്പഞ്ചാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും

കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഒളിമ്പ്യൻമാരായ പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്ക് ദീപശിഖ കൈമാറും. ഇരുവരും ചേർന്ന് ദീപം തെളിക്കും.

മത്സരങ്ങളുടേയും  കായിക താരങ്ങളുടേയും എണ്ണംകൊണ്ട് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ മേളയാണ് ഇത്തവണത്തേത്. 33 കായിക ഇനങ്ങളിലായി 414 സ്വർണമടക്കം 1369 മെഡലുകളാണ് മേളയിൽ സമ്മാനിക്കുക. മുപ്പത് സംസ്ഥാനങ്ങളുടേയും, സർവ്വീസസിൻറേയും താരങ്ങളും ഒഫീഷ്യലുകളുമടക്കം പതിനായിത്തിലധികം പേർ മേളയിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

ഗെയിംസിൻറെ പ്രധാന വേദി തിരുവനന്തപുരത്താണ്. 15 ഇനങ്ങളിലാണ് ഇവിടെ മത്സരം. കൊല്ലം, ആലപ്പുഴ, എർണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ. മത്സര ഇനങ്ങളുടെ കാര്യത്തിൽ രണ്ടാമത് എറണാകുളത്തിനാണ്. ഏഴ് ഇനങ്ങളിലാണ് എറണാകുളത്ത് മത്സരം നടക്കുക.

ആതിഥേയരായ കേരളം തന്നെയാണ് ഗെയിംസിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത്. 744 പേർ. എല്ലാ മത്സര വിഭാഗങ്ങളിലും കേരളത്തിന് പ്രാമുഖ്യവുമുണ്ട്. കേരളത്തിൻറെ തനത് ആയോധനകലയായ കളരിപ്പയറ്റും ഇത്തവണത്തെ മേളയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രദർശനമത്സരമായിട്ടായിരിക്കും കളരിപ്പയറ്റ് അവതരിപ്പിക്കുക.

ഗെയിംസിൻറെ സുരക്ഷക്കായി വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിന് പുറമെ കര നാവിക വ്യോമസേനാ വിഭാഗങ്ങളും സുരക്ഷക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പേര് പറഞ്ഞ് എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട്, എന്നിവിടങ്ങളിലെ വേദികൾക്ക് പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സേനാവിഭാഗങ്ങൾക്ക് പുറമെ പ്രത്യേക ഷാഡോ പോലീസിൻറെ സാന്നിദ്ധ്യവും ഇവിടങ്ങളിലുണ്ടാകും.

This post was last modified on December 27, 2016 2:42 pm