X

80,000 ആദിവാസികളുടെ ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുന്ന ഒരേ ഒരാള്‍

മാവോയിസ്റ്റ് ബാധിത ബസ്തറിലെ ദൈവം ഒരു ഡോക്ടറാണ്

ചത്തീസ്ഗഡിന്റെ മാവോയിസ്റ്റ് ബാധിത ഹൃദയഭൂമിയായ ബസ്തറിലെ ആയിക്കണക്കിന് ആദിവാസികളെ സംബന്ധിച്ചടത്തോളം ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന ഒരേ ഒരു ആളേയുള്ളു. അത് ബേസാജ് രാംടെക്കെ എന്ന 41 കാരനാണ്. കാന്‍കര്‍ ജില്ലയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സര്‍ക്കാര്‍ ഡോക്ടറായ ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ മരുന്നിന്റെ മണമുണ്ട്. ബേസാജ് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം മരുന്നെന്നാണ്. പ്രദേശത്തെ ഏകദേശം 200 ഗ്രാമങ്ങളിലെ പാവങ്ങളുടെ ജീവിതത്തിനും മരണത്തിനുമിടയിലൂടെ ഇദ്ദേഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഈ പ്രദേശത്ത് എവിടെയും സ്വതന്ത്രമായി കടന്നു ചെല്ലാന്‍ കഴിയുന്ന ഏക വ്യക്തിയാണ് രാംടെക്കെ. മാവോയിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള കൊടുംവനങ്ങളിലൂടെ അദ്ദേഹം കാല്‍നടയായും സൈക്കിളിലും ബൈക്കിലും സധൈര്യം സഞ്ചരിക്കുന്നു. ‘ഈ പ്രദേശത്തെ ആദിവാസികളെ സേവിക്കുന്നതിന് വേണ്ടി ഡോക്ടാറാവാനായി ജനിച്ച ഒരാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം,’ എന്ന് അന്തഗഡില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ബായിന്‍സ്ഗാവ് എന്ന വിദൂരഗ്രാമ പ്രദേശത്തുകൂടി നടക്കുന്നതിനിടെ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ‘ആദിവാസികളുടെ സന്തുഷ്ടിയാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരം.’

ഒരു മരുന്നുപെട്ടിയുമായി ഈ കുറിയ മനുഷ്യന്‍ കടന്നുവരുന്ന കാഴ്ച അന്തഗഡ് ബ്ലോക്കിലെ 80,000 ആദിവാസി ജനവിഭാഗങ്ങള്‍ക്ക് സര്‍വസാധാരണവും ആശ്വാസപ്രദവുമാണ്. ദശകങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ ആരോഗ്യസംഘങ്ങളെ അകറ്റിനിറുത്തിയ, പോലീസ് ചാരന്മാരും കലാപകാരികളും നിറഞ്ഞ ഈ പ്രദേശത്ത് തങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരേ ഒരു മനുഷ്യന്‍ രാംടെക്കെയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. പലര്‍ക്കും അദ്ദേഹം തങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. ഏത് പാതിരാത്രിയിലും അദ്ദേഹത്തെ സമീപിക്കാം. എത്ര ദൂരെ പോയി ചികിത്സിക്കാനും അദ്ദേഹം തയ്യാറാണ്. തന്റെ കുട്ടിയെ പാതിരാത്രിയില്‍ വന്ന രാംടെക്കെ ചികിത്സിച്ച കാര്യം ബായിസൗര്‍ ഗ്രാമത്തിലെ സോമാരു ഓര്‍ക്കുന്നു.

മാവോയിസ്റ്റ് ശക്തികേന്ദ്രത്തിലെ വനത്തിനുള്ളിലുള്ള ഈ ഗ്രാമത്തിലേക്ക് ‘പുറത്തുനിന്നുള്ളവര്‍’ കടന്നുവരാന്‍ ധൈര്യം കാണിക്കില്ല. പക്ഷെ 2003 മുതല്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്ന രാംടെക്കെയ്ക്ക് അതൊരു വിഷയമല്ല. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളില്‍ കടന്നുചെല്ലാന്‍ കഴിയുന്ന പുറത്തുനിന്നുള്ള ഒരേ ഒരാള്‍ രാംടെക്കെ ആണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ 2006, 2010, 2016 വര്‍ഷങ്ങളില്‍ രാംടെക്കെയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയെങ്കിലും പ്രദേശത്തെ സാമൂഹിക നേതാക്കള്‍ അതാത് സമയത്തെ മുഖ്യമന്ത്രിമാരില്‍ സമ്മര്‍ദം ചെലുത്തി ഉത്തരവുകള്‍ മരവിപ്പിക്കുകയായിരുന്നു. രാംടെക്കെയുടെ ആത്മാര്‍ത്ഥത അവിശ്വസനീയമാണെന്ന് കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അജയ് മന്‍ഡാവി പറയുന്നു.

ബസ്തറിന്റെ അതിര്‍ത്തിയായ ദാംതാരി ജില്ലയിലെ ഒരു ദളിത് കുടുംബത്തില്‍ പിറന്ന രാംടെക്കെ റായ്പൂരില്‍ നിന്നും 2003ല്‍ എംബിബിഎസ് പാസാവുകയും ആ വര്‍ഷം തന്നെ ചത്തീസ്ഗഡ് ആരോഗ്യവകുപ്പില്‍ ചേരുകയും ചെയ്തു. അന്തഗഡിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം. കലാപം രൂക്ഷമായിരുന്ന സമയമായിരുന്നു അത്. ആരും ഇങ്ങോട്ട് വരാന്‍ താല്‍പര്യപ്പെടാതിരുന്ന കാലം. ഏറ്റവും ബുദ്ധിമുട്ടേറിയ പ്രദേശമായിട്ടും അന്തഗഡിലേക്ക് വരാന്‍ രാംടേക്ക് തീരുമാനിച്ചു.

പിന്നീട് ഇക്കാലം മുതല്‍ ഈ 41 കാരന്‍ തന്നെയായിരുന്നു പ്രദേശത്തെ ഏക ഡോക്ടര്‍. ഇപ്പോള്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ കൂടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി രമണ്‍ സിംഗ് അദ്ദേഹത്തിന് ആരോഗ്യമൂര്‍ത്തി പുരസ്‌കാരം സമ്മാനിച്ചു. താന്‍ ഒരിക്കലും പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ലെന്ന് അദ്ദേഹം പറയുന്നു. ‘ഞാന്‍ അംബേദ്കറുടെ അനുയായിയാണ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരുമായ ജനങ്ങളെ സേവിക്കാനാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്.’

This post was last modified on April 22, 2017 9:51 pm

Related Post
Leave a Comment