X

ആയുധധാരികള്‍ ഉറാന്‍ നാവികാസ്ഥാനത്ത് കടന്നതായി സംശയം

അഴിമുഖം പ്രതിനിധി

മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. ആയുധധാരികള്‍ ഉറാന്‍ നാവികാസ്ഥാനത്ത് കടന്നതായുള്ള സംശയത്തെ തുടര്‍ന്നാണ് മുംബൈയില്‍ നാവിക സേന അതീവജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഉറാനില്‍ നാവികസേന ആസ്ഥാനത്ത് ആയുധങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിനടുത്ത് വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന, മുഖം മറച്ച ആളുകളെ കണ്ടതായാണ് രണ്ടു വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ സ്കൂള്‍ അധികൃതരോട് പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ വിവരം അപ്പോള്‍ തന്നെ പൊലീസിനു കൈമാറുകയായിരുന്നു.അപരിചിതര്‍ പതാന്‍ സ്യുട്ട് ധരിച്ചിരുന്നതായും അവരുടെ പിറകില്‍ ബാഗ്‌ ഉണ്ടായിരുന്നതായും കുട്ടികള്‍ പറഞ്ഞതായാണ് വിവരം.

ഇത് വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്നും സാധ്യമായ എല്ലാ അന്വേഷണങ്ങളും നടത്തുമെന്നും മുബൈ നാവിക സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നാവിക സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ആന്റി ടെറര്‍ സ്ക്വാഡും നാവിക സേനയുടെ  എല്ലാ യൂണിറ്റും ചേര്‍ന്ന് സംയുക്തമായി തിരച്ചില്‍ നടത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2008ല്‍ കടല്‍ വഴി നുഴഞ്ഞു കയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

This post was last modified on December 27, 2016 2:26 pm