X

സംവരണ വിരുദ്ധരേ, ഈ ജാതി അനുഭവം ഒന്നു വായിക്കൂ

മാത്യു സാമുവല്‍

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം സംവരണം വേണമോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. ഇതില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ ആണ്. ഈ വിഷയത്തില്‍ എന്റെ അനുഭവം ഇവിടെ കുറിക്കുന്നു.

ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ ബീഹാറിലെ ബറൂണിയിലേക്ക് പോകുകയായിരുന്നു. Third AC യിലാണ് യാത്ര. അന്ന് ഞാന്‍ നന്നായ് പുകവലിക്കുമായിരുന്നു. ഇടയ്ക്കു സിഗരറ്റ് വലിക്കാന്‍ വേണ്ടി ട്രെയിനിന്‍റെ ടോയിലറ്റിന്റെ അടുത്ത് നിന്നപ്പോള്‍ അവിടെവെച്ചു സ്ലീപ്പറില്‍ യാത്ര ചെയ്യുന്ന മലയാളിയെ പരിചയപ്പെട്ടു. സത്യം പറയട്ടെ അദ്ദേഹം സിഗരറ്റ് വലിക്കാന്‍ വേണ്ടി വന്നതല്ല. എന്റെ തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കാരന്‍. മധ്യതിരുവിതാംകൂറില്‍ ജനിച്ചു വളര്‍ന്ന തിയോളജിയില്‍ ബിരുദധാരിയായ അദ്ദേഹം ഒരു സുവിശേഷകന്‍ ആണ്. വളരെ പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയി. ഈ മനുഷ്യന്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് തന്‍റെ പഴയ തട്ടകമായ ബറൂണിക്കടുത്തുള്ള ചെറിയ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നത്. ഈ മനുഷ്യനെ അവിടയുള്ളവര്‍ പലയാവര്‍ത്തി മര്‍ദ്ദിക്കുകയും ഗ്രാമ ഭ്രഷ്ട്ടന്‍ ആക്കുകയും ചെയ്തിട്ടുണ്ട്. ഒന്നുറപ്പിച്ചു, എന്റെ ലക്ഷ്യ സ്ഥാനത്തിലേക്കുള്ള പോക്ക് മാറ്റിവെച്ച് ഇദ്ദേഹത്തിന്റെ കൂടെ തുടര്‍ യാത്ര…

ഞങ്ങള്‍ ബറൂണിയില്‍ ഇദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ബസ്സോ വണ്ടിയോ വള്ളമോ ഒന്നും ഇല്ലാത്ത ഒരു കുഗ്രാമം. കുറെയധികം നടന്നു, പിന്നീട് ജുഗാഡിലായി യാത്ര. പാടത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം അടിക്കാനും പിന്നീട് അതെ എന്‍ജിന്‍ ഉപയോഗിച്ച് ഓടിക്കുന്ന ഒരു വണ്ടിയാണ് ജുഗാഡ്. ആ ഗ്രാമത്തിലെ ആകെ ജനസംഖ്യ ഏകദേശം ആറായിരത്തോളം വരും. അതില്‍ 90%വും അവര്‍ണ്ണര്‍ ആണ്. അവര്‍ണ്ണര്‍ എന്ന് പറഞ്ഞാല്‍ മഹാദളിത്‌ (എലിയെ ചുട്ടു കഴിക്കുന്നവര്‍). സവര്‍ണ്ണര്‍ ഇക്കൂട്ടരെ “ദൈവത്താല്‍ ശപിക്കപ്പെട്ടവര്‍” ആയിട്ടാണ് കരുതുന്നത്. വീടിന്‍റെ പിന്നാമ്പുറത്ത് നിന്നും എത്രയോ ദൂരെ മാറി മാത്രമേ ഇവര്‍ക്ക് നില്‍ക്കാന്‍ സാധിക്കൂ. സവര്‍ണ്ണന്‍റെ ചെരുപ്പ് തുടച്ചു വൃത്തിയാക്കി വെച്ച ശേഷം ദൂരെ മാറി നിന്നുകൊള്ളണം. ചില കാര്യങ്ങള്‍ കൂടെ പറയുകയാണ്‌ എങ്കില്‍ ഇതൊക്കെ നടക്കുന്നത് ഇന്ത്യയില്‍ തന്നെ ആണോ എന്ന് വായിക്കുന്നവര്‍ പോലും സംശയിക്കും. 

എന്താണ് എന്റെ സുഹൃത്തായ മലയാളി ചെയ്തു കൂട്ടിയ മഹാപാതകം? 

“മീന്‍ കൊടുത്തില്ല; പകരം മീന്‍ പിടിക്കാന്‍ പഠിപ്പിച്ചു”. അതിനാണ് എന്നെ സവര്‍ണ്ണര്‍ തല്ലിച്ചതച്ചു അടിച്ചോടിച്ചത്. അദ്ദേഹം തുടര്‍ന്നു, അവിടെ ഒരു സര്‍ക്കാര്‍ വിദ്യാലയം ഉണ്ട്. മേല്‍ ജാതിക്കാര്‍ക്ക് മാത്രമാണ് അവിടെ ബെഞ്ചും ഡെസ്ക്കും ഉള്ളത്. ടീച്ചര്‍ ഇവരോടാണ് സംവേദിക്കുന്നത്. മേല്‍ ജാതിക്കാര്‍ക്ക് പിന്നിലായ് ദൂരെ മാറി താഴ്ന്ന ജാതിയിലെ കുട്ടികള്‍ നിലത്ത് ഇരുന്നു കൊള്ളണം. ആ ഗ്രാമത്തില്‍ ചെന്നെത്തിയ ഞാന്‍ മനസ്സിലാക്കി ഇവര്‍ക്ക് വിദ്യാഭ്യാസം കൊടുത്താല്‍ മാത്രമേ ഈ അന്ധകാരത്തില്‍ നിന്നും ഇവര്‍ മോചിതരാവുകയുള്ളൂ. ഞാന്‍ സ്വയമേ സിലബസ്സും ടെക്സ്റ്റും ബുക്കും ഒക്കെ തയ്യാറാക്കി. എന്റെ ഒരുമുറി വീട്ടില്‍ ഞാനും ഭാര്യയും കൂടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവരെ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുവാന്‍ തുടങ്ങി. അക്ഷരമാലയും വാക്കുകളും തുടങ്ങി ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോള്‍ എന്റെ ചിന്ന സ്കൂളില്‍ ഏകദേശം അറുപതോളം കുട്ടികള്‍ എത്തി. അങ്ങനെ അത് വളര്‍ന്നു അറുപതു പേരുടെ മൂന്നു ബാച്ച് ആയി. എന്റെ ഭാര്യ ഒരു ട്രെയിന്‍ഡ് നേഴ്സ് ആയതുകൊണ്ട് ഇവരുടെ ചെറിയ ചെറിയ ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി. പരിസര ശുചീകരണം, ശരീര ശുചീകരണം, ടോയിലറ്റിന്‍റെ ആവശ്യം ഈ രീതിയിലായി ഞങ്ങളുടെ പ്രവര്‍ത്തനം. ഇത് കാട്ടുതീയായി; സവര്‍ണ്ണര്‍ അവിടത്തെ ഗ്രാമത്തലവനെക്കൊണ്ട് എന്നെ വിളിപ്പിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു “നിങ്ങള്‍ക്ക് വേണമെങ്കില്‍ ആഹാരം കൊടുക്കാം, വസ്ത്രം കൊടുക്കാം, പക്ഷെ വിദ്യാഭ്യാസം മാത്രം കൊടുക്കരുത്. കൊടുത്താല്‍ നാളെ മുതല്‍ ഇവന്മാര്‍ ജോലിക്ക് വരില്ല”. 

ഞാന്‍ എല്ലാം കേട്ടു നിന്നു. എന്‍റെ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു പോയി. പലതരത്തിലുള്ള മുന്നറിയിപ്പുകളും കിട്ടി. ഒരു ദിവസം രാത്രി ഏകദേശം ഇരുപതോളം പേര്‍ ചേര്‍ന്ന് എന്‍റെ വീട് തല്ലിത്തകര്‍ത്ത് എന്നെയും ഭാര്യയേയും പുറത്താക്കി. പിന്നീടുള്ള രണ്ടു മൂന്നു ദിവസം അവിടത്തെ പോലീസ് സ്റ്റേഷന്‍റെ വരാന്തയിലായിരുന്നു എന്റെ ജീവിതം. ആ സ്റ്റേഷനിലെ രണ്ടു മൂന്നു പോലീസുകാര്‍ എന്നെ സഹായിച്ചു. അവരും താഴ്ന്ന ജാതിക്കാര്‍ ആയിരുന്നു. അവര്‍ മറ്റു രീതിയില്‍ എനിക്കും ഭാര്യക്കും താമസിക്കാന്‍ ഉള്ള സൗകര്യം ശരിയാക്കി തന്നു.

പിന്നീട് എന്റെ സ്കൂള്‍ വീണ്ടും വിപുലീകരിച്ചു. പക്ഷെ ഇപ്രാവിശ്യം സഹായത്തിനു നാട്ടുകാരും ഒപ്പം കൂടി. നന്നായി പഠിച്ചവരെ അവിടെ തന്നെ അദ്ധ്യാപകര്‍ ആക്കി. അവരെക്കൊണ്ട് തന്നെ വീണ്ടും പഠിപ്പിച്ചു. ചെറിയ രീതിയിലുള്ള ആതുര ശുശ്രൂഷ, എല്ലാ പണികളും ഒരു ക്രാഷ് കോഴ്സ് പോലെ ആയിരുന്നു. ഏകദേശം മൂന്നു വര്‍ഷം കൊണ്ട് അവര്‍ സ്വയം ഒരു സ്കൂള്‍ ഉണ്ടാക്കി. അടുത്ത ആരോപണം എനിക്കെതിരെ ഉയര്‍ന്നത് “ഞാന്‍ മത പരിവര്‍ത്തനം നടത്തുന്നു” എന്നാണ്. പക്ഷെ ഒരു വല്യ സത്യം പറയാം, ഞാന്‍ ഒരാളെ പോലും മത പരിവര്‍ത്തനം നടത്തിയിട്ടില്ല. സുവിശേഷം പറഞ്ഞിട്ടുണ്ട്. മതവും പരിവര്‍ത്തനവും അല്ല ഇവിടത്തെ ആവശ്യം. ജനങ്ങളുടെ പട്ടിണി മാറ്റുക എന്നത് മാത്രമായിരുന്നു എന്റെ അജണ്ട. 

തുച്ഛമായ ശമ്പളത്തിനും ബാര്‍ട്ടര്‍ സിസ്റ്റത്തിനു ജോലിക്ക് പോയിരുന്നവര്‍ കൂലി ചോദിച്ചു വാങ്ങാന്‍ തുടങ്ങി. പല അവര്‍ണ്ണര്‍ക്കും തങ്ങളും മനുഷ്യരാണ് എന്ന തിരിച്ചറിവ് വന്നു തുടങ്ങി. രണ്ടു കൈകളില്‍ ഏതു കൈ ഉപയോഗിച്ചാണ് ആഹാരം കഴിക്കേണ്ടതെന്നും ഏതു കൈ ഉപയോഗിച്ചാണ് ശൌച്യം ചെയ്യേണ്ടതെന്നുമുള്ള വേര്‍തിരിവ് അവരിലുണ്ടായി. അധികം വീടുകളിലും ടോയിലെറ്റിന്‍റെ ഉപയോഗം തുടങ്ങി. പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ “നെല്ലിട്ടു കൊല്ലുന്ന” സമ്പ്രദായം വരെ നിന്നു.” എന്തിനേറെ ദൈവശാപമല്ല ദൈവീക ദാനമാണ് തങ്ങളെന്ന ധാരണ അവര്‍ക്കുണ്ടായി.

അതിനു ശേഷം ഞാന്‍ രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് പോയി. ഇപ്പോള്‍ വീണ്ടും ആ ഗ്രാമത്തിലേക്ക് തിരിച്ചു വരുകയാണ്.

ഏകദേശം രാത്രി എട്ടരയോടു കൂടി ഗ്രാമത്തില്‍ ഞങ്ങളെത്തിയപ്പോള്‍ പൂമാലയുമായി ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ഏകദേശം അഞ്ഞൂറോളം പേരുടെ ഒരു നിര തന്നെ ഉണ്ട്. അദ്ദേഹത്തിന് കിട്ടിയത് വാക്കുകള്‍ക്കപ്പുറം ഉള്ള ഒരു സ്നേഹോഷ്മള സ്വീകരണം തന്നെ ആണ്, കൂടെ വന്ന എനിക്കും കിട്ടി ചില മാലകള്‍. ഇത് പറഞ്ഞറിവും കേട്ടറിവും ഒന്നുമല്ല, ഞാന്‍ കണ്ട് അനുഭവിച്ചറിഞ്ഞതാണ്.

ഇതുപോലുള്ള ലക്ഷക്കണക്കിന്‌ ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. സംവരണം കൂടി ഇല്ല എങ്കില്‍ ഒന്ന് ആലോചിക്ക് നോക്കുക ഇവരെവിടെ എത്തും എന്ന്. 

(തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on September 3, 2015 5:23 pm