X

ശമ്പളം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഇസ്ലാമിലേക്ക് മതംമാറുമെന്ന് സ്‌കൂള്‍ അദ്ധ്യാപകര്‍

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പല സമരമുറകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമരമുറയുമായാണ് യുപിയിലെ  ഒരു സംഘം അദ്ധ്യാപകര്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഇസ്ലാം മതത്തിലേക്ക് ചേക്കേറുമെന്ന ഭീഷണിയാണ് അവര്‍ മുഴക്കിയിരിക്കുന്നത്. യുപിയിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളിലെ പാര്‍ട്ട്‌ടൈം അദ്ധ്യാപകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ പ്രകടനം നടത്തി.

സ്ഥിരം അദ്ധ്യാപകരുടെയും പാര്‍ട്ട്‌ടൈം ഉറുദു അദ്ധ്യാപകരുടെയും ശമ്പളം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിപ്പിച്ചപ്പോള്‍ മറ്റ് പാര്‍ട്ട്‌ടൈം അദ്ധ്യാപകരുടെ ശമ്പളം നിലവിലുണ്ടായിരുന്ന 7200 രുപയില്‍ നിന്നും 5000 രൂപയായി വെട്ടിക്കുറയ്ക്കുകയായിരുന്നു എന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഉടനടി അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ ഇസ്ലാമിലേക്ക് മതംമാറുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു.

ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 14ന് ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ പ്രകടനം നടത്താനാണ് സമരക്കാരുടെ തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അവിടെ വച്ച് ഇസ്ലാം മതം സ്വീകരിക്കുമെന്ന് കെജിബിവി പാര്‍ട്ട്‌ടൈം അദ്ധ്യാപക അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ദേഷ് ദീപക് ദുബെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഒരു കിലോ സവാളയ്ക്ക് 70 രൂപ വിലയുള്ള ഒരു രാജ്യത്ത് ഈ തുശ്ചമായ ശമ്പളം കൊണ്ട് ജീവിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് കെജിബിവിയുടെ 746 കേന്ദ്രങ്ങളിലായി 3000 പാര്‍ട്ട് ടൈം അദ്ധ്യാപകരാണുള്ളത്.

This post was last modified on December 27, 2016 3:21 pm