X

ജര്‍മ്മനിയില്‍ വാൻ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ചുമരിച്ചു

30 ഓളം പേർക്ക് പരിക്ക്

പടിഞ്ഞാറൻ ജർമ്മൻ നഗരമായ മുൺസ്റ്ററിൽ ഓടിക്കൊണ്ടിരുന്ന വാൻ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ട് പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വാഹനമോടിച്ച ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ സ്വയം വെടിവെച്ച് മരിച്ചു. തീവ്രവാദി ആക്രമണമല്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്.

കുറ്റവാളി ഒരു ജർമ്മൻ പൗരനാണെന്ന് തന്നെയാണ് കരുതുന്നതെന്ന് ആഭ്യന്തരകാര്യ മന്ത്രി ഹെർബെറ്റ് റിയൂള്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. അതേസമയം, ഇതൊരു തീവ്രവാദി ആക്രമണമായി ജര്‍മ്മന്‍ പോലീസ് കരുതുന്നുണ്ടെന്നും എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെന്നും ‘ഡേർ സ്പെയ്ഗൽ’ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് നടപടിക്രമങ്ങള്‍ നടക്കുന്ന കെപൻകെർള്‍ പബിന്‍റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ചരിത്രപ്രസിദ്ധമായ നഗരത്തിലെ ജനപ്രിയ ബാറാണ് കെപൻകെർള്‍.

This post was last modified on April 8, 2018 12:03 pm