X

ജനാധിപത്യകക്ഷികള്‍ എങ്ങനെയാണ് അഫ്സ്പയ്ക്കു വേണ്ടി വാദിക്കുന്നത്? ഗവര്‍ണര്‍ക്ക് പിണറായിയുടെ മറുപടി

ബിജെപി നിവേദകസംഘമാണ് കണ്ണൂരില്‍ അഫ്സ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ടത്

കണ്ണൂരില്‍ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമം (അഫ്‌സ്പ) നടപ്പാക്കാനാകില്ലെന്നും പരിഷ്‌കൃത, ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന നിയമമല്ല അതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മറുപടി നല്‍കി. കണ്ണൂരിലെ അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലാവുകയും ബാക്കിയുള്ളവരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇന്നലെ വൈകിട്ട് പ്രത്യേക ദുതന്‍ വശം ഗവര്‍ണര്‍ക്കെത്തിച്ച മറുപടിയില്‍ പിണറായി വ്യക്തമാക്കി.

നേരത്തെ ബി.ജെ.പിയുടെ നിവേദക സംഘം കണ്ണൂരില്‍ അഫ്‌സ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതിനുള്ള മറുപടിയിലാണ് എന്തുകൊണ്ട് അഫ്‌സ്പ സ്വീകാര്യമല്ലെന്നും കണ്ണൂരിലടക്കം നടക്കുന്ന സമാധാന ശ്രമങ്ങള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയും പിണറായി മറുപടി നല്‍കിയത്.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം 14 സംഘപരിവാര്‍ കൊലപാതകങ്ങള്‍ നടന്നതായ ആരോപണം ശരിയല്ല. കഴിഞ്ഞ ഫെബ്രുവരി 14-ന് താന്‍ മുന്‍കൈയെടുത്ത് സമാധാന യോഗം നടത്തിയിരുന്നു. ഇതിനു ശേഷം കണ്ണൂരില്‍ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സമാധാന ശ്രമങ്ങളുടെ ഭാഗമായി 220 യോഗങ്ങള്‍ താഴേത്തട്ടില്‍ വിളിച്ചു ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിലുണ്ടായ കൊലപാതകം ഒറ്റപ്പെട്ട സംഭവവും നിര്‍ഭാഗ്യകരവുമാണ്. അതിലെ രണ്ടു പ്രതികളെ പിടികൂടി. മുഴുവന്‍ പ്രതികളേയും പിടികൂടുമെന്നും പിണറായി മറുപടിയില്‍ വ്യക്തമാക്കി.

അഫ്‌സ്പ മനുഷ്യത്വരഹിതമായ നിയമമാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സി.ആര്‍.പി.സിയില്‍ തന്നെ നിയമമുണ്ട്. അഫ്‌സ്പ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ പരാതികള്‍ ഉയരുന്നുണ്ട്. ഇത് നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. അവിടെ 1528 വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. 12 വയസുള്ള കുട്ടി മുതല്‍ 72 വയസുള്ളവര്‍ വരെ വെടിയേറ്റു മരിക്കുന്ന സാഹചര്യങ്ങളുണ്ടായി. എങ്ങനെയാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കക്ഷികള്‍ക്ക് ഇത്തരമൊരു നിയമത്തിനായി വാദിക്കാന്‍ കഴിയുകയെന്നും പിണറായി ഓര്‍മിപ്പിക്കുന്നു.

 

This post was last modified on May 16, 2017 9:08 am