X

പുതിയ രീതിയിലുള്ള ഡ്രൈവിംഗ് പരീക്ഷ മെയ് 22 മുതല്‍

പുതിയ രീതി അനുസരിച്ചുള്ള പരിശീലനം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡ്രൈവിംഗ് പരിശീലകര്‍

സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷ പരിഷ്ക്കരണം മെയ് 22 മുതല്‍ നടപ്പിലാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. പുതിയ രീതിയില്‍ പരീക്ഷ നടത്തുന്നത് ഹൈക്കോടതി മെയ് 15 വരെ തടഞ്ഞിരുന്നു.

അതേ സമയം പുതിയ പരീക്ഷ രീതി അനുസരിച്ചുള്ള പരിശീലനം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഡ്രൈവിംഗ് പരിശീലകരുടെ അഭിപ്രായം.

സംസ്ഥാനത്തു വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് നവീകരിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചത്. പഴയ രീതിയിലുള്ള സംവിധാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്‌കൂളുകളും ഒത്തുകളിച്ച് ലൈസന്‍സ് എടുക്കാറുണ്ട്. പുതിയ സംവിധാനം വരുന്നതോടു കൂടി ഇത്തരത്തില്‍ ലൈസന്‍സ് സമ്പാദിക്കാന്‍ കഴിയാതെയാവും. ഇതാണ് പുതിയ നടപടിക്കെതിരെ തിരിയാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ടെസ്റ്റ് പാസാവാത്തവര്‍ക്കും ലൈസന്‍സ് നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

പുതിയ മാറ്റങ്ങള്‍ ഇവയാണ്.

1. വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പിയുടെ ഉയരം അഞ്ചടിയില്‍ നിന്നും രണ്ടര അടിയാക്കി കുറച്ചു. വാഹനത്തിലിരുന്നു തിരിഞ്ഞു നോക്കിയാല്‍ കമ്പി കാണില്ല.
2. വണ്ടി പിന്നോട്ട് എടുക്കാന്‍ വശത്തെ കണ്ണാടി തന്നെ നോക്കണം. ഡോറിന് പുറത്തു തലയിട്ട് നോക്കരുത്.
3. എച്ച് എടുക്കുമ്പോള്‍ കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും.
4. വാഹനം പിന്നോട്ട് എടുക്കുമ്പോള്‍ വളവുകള്‍ അറിയാന്‍ കമ്പിയില്‍ അടയാളം സ്ഥാപിക്കാന്‍ പറ്റില്ല.
5. കയറ്റത്തിലും വാഹനം നിര്‍ത്തി പിന്നോട്ട് പോകാതെ മുന്‍പോട്ട് ഓടിച്ചു കാണിക്കണം.
6. രണ്ട് വണ്ടികള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ടെസ്റ്റും പാസാകണം

This post was last modified on May 16, 2017 8:08 am