X

കളിപ്പാട്ടങ്ങളില്ല ഇഷ്ടഭക്ഷണമില്ല; നാലു വയസുകാരി ഹന്‍ റിയ ഹോ കേരളത്തിലെ ജയിലില്‍

വിയ്യൂര്‍ വനിത ജയിലിലെ സെല്‍ നമ്പര്‍ ഒന്നില്‍ തന്റെ അമ്മയ്ക്കും മറ്റു നാലു സ്ത്രീ കുറ്റവാളികള്‍ക്കൊപ്പമാണ് നാലുവയസുകാരിയെ താമസിപ്പിച്ചത്.

ഹന്‍ റിയ ഹോ എന്ന നാലുവയസുകാരിക്ക് രാജ്യത്തിന്റെ അതിര്‍ത്തികളെ കുറിച്ചും അത് ലംഘിച്ചാലുള്ള ശിക്ഷകളെ കുറിച്ചൊന്നും അറിയില്ല. വിസ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ വിയ്യൂരിലെ വനിത ജയിലില്‍ തന്റെ അമ്മയോടൊപ്പം കഴിഞ്ഞപ്പോഴും അവളന്വേഷിച്ചത് തന്റെ കളിപ്പാട്ടങ്ങളെ കുറിച്ചാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ ലഭിച്ചിരുന്ന പോഷകാഹരമോ സ്വാതന്ത്ര്യമോ കളിക്കൂട്ടുകാരോ ഒന്നും ഇല്ലാതെ അവള്‍ തളര്‍ന്നുറങ്ങിയപ്പോഴും സ്വപ്‌നം കണ്ടത് നിറമുള്ള കളിപ്പാട്ടങ്ങളെയായിരിക്കാം. അല്ലാതെ നാം വരച്ചുണ്ടാക്കിയ അതിര്‍ത്തികളും എഴുതിവച്ച നിയമവുമൊന്നും ആ കുഞ്ഞുമനസിനു മനസിലാകില്ല. കാരണം അവള്‍ക്കും അവളെപ്പോലുള്ള ആയിരക്കണക്കിന് കുട്ടികളുടെയും മനസില്‍ ഒരൊറ്റ ലോകമേയുള്ളൂ. അതിര്‍ത്തികളൊന്നുമില്ലാത്ത ഒരൊറ്റ ഭൂമിയും ഒരൊറ്റ ആകാശവും.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തതിനാല്‍ കൊച്ചി കാക്കാനാട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ജൂലൈ 19 നാണ് ചൈനീസ് സ്വദേശികളായ സിയലോയിനെയും  നാലു വയസുള്ള മകള്‍ ഹന്‍ റിയ ഹോയെയും അമ്മാവനായ സോങ് ക്യൂ ഹോയെയും പോലീസ് അറസ്റ്റ് ചെയ്തത്. സിയലോയിനെയും സോങിനെയും വിദേശനിയമപ്രകാരം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ നാലുവയസുകാരിയായ ഹന്നിനു കേരളത്തില്‍ മറ്റു ബന്ധുക്കളില്ലാത്തതിനാലും അഞ്ചുവയസിനു താഴെയുള്ള കുട്ടിയെ അമ്മയെ നിന്നു വേര്‍പ്പെടുത്തി താമസിപ്പിക്കാന്‍ സാധിക്കാത്തതിനാലും കുട്ടിയെയും സിയലോനിനൊപ്പം ജയിലിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.

വിയ്യൂര്‍ വനിത ജയിലിലെ സെല്‍ നമ്പര്‍ ഒന്നില്‍ തന്റെ അമ്മയ്ക്കും മറ്റു നാലു സ്ത്രീ കുറ്റവാളികള്‍ക്കൊപ്പമാണ് നാലുവയസുകാരിയെ താമസിപ്പിച്ചത്. കുട്ടിക്ക് ചൈനീസ് രീതിയിലുള്ള ഭക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ജയിലധികൃതര്‍ക്ക് അത് ബുദ്ധിമുട്ടായി മാറി. അത്തരം ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജയിലില്ലാത്തതിനാണ് പാരയായത്. മറ്റു തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണവും ഒപ്പം പാലും പഴവര്‍ഗങ്ങളുമാണ് ജയിലധികൃതര്‍ നല്‍കിയത്. ശനിയാഴ്ച എറണാകുളം സെഷന്‍സ് കോടതി ജാമ്യമനുവദിച്ചെങ്കിലും വിസാ കാലാവധി തീര്‍ന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇവരുള്ളത്. ഇപ്പോള്‍ എറണാകുളത്തെ കുട്ടികള്‍ക്കായുള്ള പ്രത്യേക ജയിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണെന്ന് വിയ്യൂര്‍ വനിതാ ജയില്‍ സൂപ്രണ്ട് പറഞ്ഞു.

‘ചൈനീസ് എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ പറ്റാത്തതാണ് ബുദ്ധിമുട്ടായത്. അവരുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവില്‍ വിയ്യൂരില്‍ നിന്നു എറണാകുളത്തേക്ക് അവരെ മാറ്റി താമസിപ്പിച്ചു കഴിഞ്ഞു. അവിടെ കൂടുതല്‍ നല്ല സൗകര്യങ്ങള്‍  മോചിതരാകുന്നതുവരെ അവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.’

അതേ സമയം ഇവരുടെ കാര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് എത്രയും പെട്ടെന്ന് ഇവര്‍ക്ക് തിരിച്ചുപോകാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അവരുടെ അഭിഭാഷകനായ പി.കെ സജീവന്‍ ആവശ്യപ്പെട്ടു.

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts