X

മതപ്രഭാഷകന്റെ രജിസ്റ്റേര്‍ഡ് കത്ത് തലാഖ് മലപ്പുറം കുടുംബ കോടതി തള്ളി

ഇസ്ളാമിക നിയമ പ്രകാരം നിയമ സാധുത നല്‍കാനുള്ള കാരണം കാണുന്നില്ലെന്ന് പറഞ്ഞാണ് ജഡ്ജി അപേക്ഷ തള്ളിയത്

രജിസ്റ്റേര്‍ഡ് കത്തിലൂടെ ഭാര്യയെ തലാഖ് ചൊല്ലിയ നടപടി റദ്ദാക്കിക്കൊണ്ട് മലപ്പുറം കുടുംബ കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ഇസ്ളാമിക നിയമ പ്രകാരം നിയമ സാധുത നല്‍കാനുള്ള കാരണം കാണുന്നില്ലെന്ന് പറഞ്ഞാണ് ജഡ്ജി അപേക്ഷ തള്ളിയത്.

അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയും മത പ്രഭാഷകനുമായ അലിഫൈസി സി പാവണ്ണയാണ് ഭാര്യയെ മൊഴി ചൊല്ലിയ നടപടിക്കു നിയമ സാധുത വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വ്യക്തമായ കാരണമില്ലാതെ തലാഖ് അനുവദിക്കാന്‍ ആവില്ലെന്നും കുടുംബങ്ങള്‍ തമ്മില്‍ അനുരഞ്ജന ശ്രമം നടന്നിട്ടില്ല എന്നും കോടതി പറഞ്ഞു.

2012ലാണ് അലിഫൈസി ഭാര്യയെ തലാഖ് ചൊല്ലിയത്. എന്നാല്‍ ഇയാള്‍ക്കെതിരെ ചെലവിന് തുക ആവശ്യപ്പെട്ട് ഭാര്യ മുതുവല്ലൂര്‍ സ്വദേശി ജമീല കേസ് നല്‍കുകയായിരുന്നു. നേരത്തെ തന്നെ ജമീല കോടതിയെ സമീപിക്കുകയും ചെലവിനുള്ള തുക നല്‍കണമെന്ന അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെലവിനുള്ള തുക കൂട്ടിക്കിട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് അലിഫൈസി വിവാഹ മോചനത്തിന് നിയമ സാധുത തരണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയത്. .

തലാഖ് ഖുര്‍ആന്‍ ശാസനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജമീലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അലിഫൈസി നേരെത്തെ വിവാഹം നടത്തുകയും വിവാഹ മോചനം നടത്തുകയും ചെയ്ത ആളാണെന്നും അഭിഭാഷകന്‍ ആരോപിച്ചു.

മുത്തലാഖ് സംബന്ധിച്ചു സുപ്രീം കോടതിയുടെ ഭരണാഘടനാ ബെഞ്ച് വാദം കേള്‍ക്കുന്ന വേളയില്‍ വന്ന വിധി എന്ന നിലയില്‍ മലപ്പുറം കുടുംബ കോടതിയുടെ ഉത്തരവ് ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് നിയമ വിദഗ്ധര്‍ കരുതുന്നു.

This post was last modified on May 18, 2017 9:11 am