X

തലക്കെട്ടുകളിലൂടെ തെളിയിക്കാന്‍ ശ്രമിക്കുന്ന പത്രധര്‍മം

അഴിമുഖം പ്രതിനിധി

ഭാഷ വളരെ പ്രധാനപ്പെട്ട ഒരായുധമാണ്. ആശയവിനിമയം മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വരെ നിലനില്‍ക്കുന്നതും തകരുന്നതും ഭാഷയുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള പ്രയോഗം കൊണ്ട് തന്നെയാണ്. ഭാഷയുടെ ഉപയോഗം തന്നെയാണ് ആളുകളെ വിവരങ്ങള്‍ അറിയിക്കാനും തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങളും ഉപയോഗിക്കുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന തലക്കെട്ട് ജമ്മു കാശ്മീരില്‍ ഇന്നലെ നടന്ന ഭീകരാക്രമണവും അതിനെത്തുടര്‍ന്ന് എട്ട് ഇന്ത്യന്‍ സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ടതുമാണ്.

മലയാളം പത്രങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാ പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും വാര്‍ത്തയുടെ പ്രധാന തലക്കെട്ടില്‍ ‘കൊല്ലപ്പെട്ടു’ എന്ന പദം ഉപയോഗിച്ചപ്പോള്‍ ഒരു പ്രമുഖ മലയാളപത്രം ‘വീരമൃത്യു’ എന്ന വാക്കാണ് തലക്കെട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്വാഭാവികമായി സംഭവിച്ച ഒന്നാകുമോ? പത്രഭാഷയില്‍ ഓരോ വാക്കിനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഇത്തരമൊരു പത്രസ്ഥാപനത്തില്‍ നിന്ന് നാട്ടുരാജ്യങ്ങളില്‍ ആളുകളെ രാജാവിന്റെ കീഴില്‍ അണിനിരത്താന്‍ ഉപയോഗിച്ചിരുന്ന ‘വീരമൃത്യു’, ‘മുറിവേല്‍ക്കാത്ത രാജ്യസ്‌നേഹം’ എന്ന വാക്കുകള്‍ ഒക്കെ ഉപയോഗിച്ചത് തലക്കെട്ടുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ബോധമില്ലാത്തത് കൊണ്ടായിരിക്കുമോ? 

വാര്‍ത്തകളിലേക്കുള്ള വാതിലുകളാണ് തലക്കെട്ടുകള്‍. തലക്കെട്ടുകള്‍ വായിച്ച് മാത്രം വാര്‍ത്തയെപ്പറ്റി ഏകദേശ ധാരണ ഉണ്ടാക്കുന്ന ആളുകള്‍ അനവധിയാണ്. വീരമൃത്യു പോലെയുള്ള വാക്കുകള്‍ രാജഭരണ കാലത്ത് നിന്ന് ജനാധിപത്യ കാലത്തേക്ക് തുഴഞ്ഞു വന്ന പദങ്ങളാണ്. രാജാവിനോടുള്ള ഭക്തി തെളിയിക്കാനും രാജ്യത്തോടുള്ള കൂറ് തെളിയിക്കാനും ഉപയോഗിച്ചിരുന്ന വാക്കുകളുടെ കൂട്ടത്തിലാണ് ഈ വാക്കും. സ്‌കൂള്‍, കുടുംബം, രാഷ്ടം തുടങ്ങിയ പല സാമൂഹിക സ്ഥാപനങ്ങളിലും അലിഖിതമായ നിയമങ്ങള്‍ കൊണ്ടാടുന്നവരാണ് നമ്മുടെ ചുറ്റുമുള്ളവര്‍. ചില വാക്കുകള്‍ ഉപയോഗിക്കാനേ പാടില്ല, മറ്റ് ചിലത് ഉപയോഗിക്കുക തന്നെ വേണം എന്നിങ്ങനെ കാലാകാലങ്ങളായി കൈമാറി വരുന്ന അലിഖിത നിയമങ്ങളുണ്ട് നമ്മുടെ സമൂഹത്തില്‍. ചില വാക്കുകള്‍ നമുക്ക് ശീലമായി മാറിയിട്ടുണ്ട്. അതില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥ.

തലക്കെട്ടുകളുടെ രാഷ്ട്രീയം മലയാളിക്ക് വിമോചനസമരം മുതല്‍ പരിചയമുള്ളതാണ്. പിന്നീട് വാര്‍ത്തകളുടെ പക്ഷവും തിരസ്‌കരണവും മാധ്യമങ്ങളിലൂടെ എങ്ങനെ കൃത്യമായി നടത്തപ്പെടുന്നു എന്നും മലയാളി അറിഞ്ഞതാണ്.

പക്ഷേ പൌരാണികമായ പദ സംഹിതകള്‍ ജനാധിപത്യത്തിന്റെ പുതിയ കാലത്തേക്ക് കടന്നു വരുന്നതിനോട് മാധ്യമങ്ങള്‍ എന്തേ ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നതാണ് സംശയം. സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരമല്ല സൈനികര്‍ വീരമൃത്യു വരിക്കുമ്പോള്‍ ഉണ്ടാകുന്നത്. യുദ്ധവും കടന്നുകയറ്റവും തമ്മിലുള്ളതും അന്യസംസ്ഥാനവും ഇതരസംസ്ഥാനവും തമ്മിലുള്ളതും ജയവും വിജയവും തമ്മിലുള്ളതും സംഘര്‍ഷവും ആക്രമണവും തമ്മിലുള്ളതുമൊക്കെ ഇതേ പക്ഷരാഷ്ട്രീയ വ്യത്യാസമാണ്.

ദൃശ്യ മാധ്യമങ്ങളിലും ഇതേ വ്യത്യാസം കാണുന്നുണ്ട്. ഇതില്‍ ഇതാണ് ശരിയായ പത്രഭാഷ എന്ന് ചോദിച്ചാല്‍ മറ്റ് വിഷയങ്ങളില്‍ എല്ലാം ഉള്ളതുപോലെ പത്രക്കാര്‍ക്ക് പോലും രണ്ട് അഭിപ്രായങ്ങള്‍ ആയിരിക്കും ഉണ്ടാകുക.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍, ഈ തലക്കെട്ടുകള്‍ ഉണ്ടാക്കുന്ന വൈകാരികമായ പ്രതികരണങ്ങളും വളരെ പ്രസക്തമാണ്. എന്‍എസ്ജി പ്രവേശനം ഇന്ത്യക്ക് ലഭിക്കാതിരുന്നതും പിന്നീട് ഇതേ വിഷയത്തില്‍ ചൈന പാക്കിസ്ഥാന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതും ഇന്ത്യയും ചൈനയും തമ്മിലുള്ള സജീവമായ അതിര്‍ത്തി തര്‍ക്കവും ഇന്ത്യ അമേരിക്കന്‍ ചേരിയിലേക്ക് പതുക്കെ നീങ്ങി തുടങ്ങുന്നതും ചേര്‍ത്ത് വായിക്കുമ്പോഴാണ് ഇത്തരം ഒരു തലക്കെട്ട് വായനക്കാരില്‍ ഉണ്ടാക്കുന്ന വൈകാരിക അനുഭവത്തില്‍ വ്യതിയാനം ഉണ്ടാക്കുന്നത്. കൊല്ലപ്പെടുക എന്നത് വായനക്കാരന്‍ സ്ഥിരം കാണുന്ന വാക്കാണ്. എന്നാല്‍ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ഇത്തരം വാക്കുകള്‍ വായനക്കാരില്‍ ഉണ്ടാക്കുന്ന വൈകാരിക അനുഭവം മറ്റൊന്നായിരിക്കും.

എന്തായാലും കൊളോണിയല്‍ കാലത്തെ ജീവിതചര്യകള്‍ നമ്മുടെ സമൂഹത്തിലേക്ക് കടന്നുവരുന്നതുപോലെ ഇത്തരം വാക്കുകളും കൂടെ കൂടിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

 

This post was last modified on December 27, 2016 4:16 pm