X

കസാഖിസ്താനിലെ എണ്ണപ്പാടത്ത്‌ സംഘർഷം: മലയാളികളടക്കം 150 ഇന്ത്യക്കാർ കുടുങ്ങിയെന്ന് റിപ്പോർട്ട്

മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

കസാഖിസ്താനിലെ എണ്ണപ്പാടത്ത് 150-ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാർത്തകളെ തുടർന്ന് നോർക്ക റൂട്ട്സ് നൂർ സുല്‍ത്താനിലെ (അസ്താന) ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിത്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

കസാഖിസ്താനിലെ ടെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷത്തെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങിയത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കസാഖിസ്താന്‍കാരായ വനിത തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ലിബിയക്കാരനായ തൊഴിലാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്നലെ രാവിലെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ലിബിയന്‍ തൊഴിലാളി മാപ്പ് പറഞ്ഞെങ്കിലും കസാഖ് തൊഴിലാളികള്‍ വിട്ടില്ല. ഇന്ത്യക്കാര്‍ അടക്കമുള്ള തൊഴിലാളികളെ ഇവര്‍ ആക്രമിക്കുകയായിരുന്നു. ടെങ്കിസ് എണ്ണപ്പാടത്തെ തൊഴിലാളികളില്‍ 80 ശതമാനവും തദ്ദേശീയരാണ്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ ഡസ്‌ക് തുറന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് 150- ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാർത്തകളെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

This post was last modified on June 30, 2019 9:57 pm