X

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി; ടിടിവി ദിനകരനെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അറസ്റ്റ് നടന്നത്

എഐഎഡിഎംകെ ശശികല വിഭാഗം നേതാവ് ടിടിവി ദിനകരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. എഐഎഡിഎംകെ ശശികല വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചു കിട്ടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അറസ്റ്റ് നടന്നത്.

ദിനകരന് ഒളിസങ്കേതം ഒരുക്കിയതിന് സുഹൃത്ത് മല്ലികാര്‍ജ്ജുനയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെയും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കോടതിയില്‍ ഹാജരാക്കും.

ഈ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട സുകേഷ് ചന്ദ്രശേഖരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നു ദിനകരന്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ കൈക്കൂലി പണം സുകേഷിന് കൈമാറി എന്ന ആരോപണം ദിനകരന്‍ നിഷേധിച്ചു.

ഏപ്രില്‍ 16ന് ദക്ഷിണ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സുകേഷ് ചന്ദ്രശേഖരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാളുടെ പക്കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനെന്ന് ആരോപിക്കപ്പെടുന്ന 1.3 കോടി രൂപയും പോലീസ് കണ്ടെടുത്തിരുന്നു.

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ദിനകരന്‍ കോഴ കൊടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് എഐഎഡിഎംകെയില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ശശികലയെയും ദിനകരനെയും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.