X

അഭിനന്ദന്റെ ശരീരത്തിൽ രഹസ്യ ഉപകരണങ്ങളില്ല; നട്ടെല്ലിന് താഴെ ക്ഷതം; വീണ്ടും വിമാനം പറത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വിങ് കമാന്‍ഡര്‍

പാക്കിസ്താൻ പുറത്തു വിട്ട അഭിനന്ദന്റെ വിഡിയോ ഭീഷണിപ്പെടുത്തിയാണു ചിത്രീകരിച്ചതെന്നു വ്യക്തമായാൽ ജനീവ കൺവൻഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

പാകിസ്താനിൽ നിന്നും മോചിതനായി നാട്ടിൽ തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. എന്നാൽ സൈനികന്റെ നട്ടെല്ലിനു താഴെയായി പരുക്കുണ്ടെന്നാണ് സ്കാനിങ് റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട ശേഷം വിമാനത്തിൽ നിന്നും പുറത്തേക്കു ചാടിയപ്പോഴുണ്ടായ പരുക്കാണിതെന്നാണ് വിലയിരുത്തൽ. ശത്രു രാജ്യത്തിന്റെ പിടിയിലായ സെനികന് നാട്ടില്‍ തിരിച്ചെത്തിയാൽ പൂർത്തിയാക്കേണ്ട ഡീബ്രീഫിങ് ഉള്‍പ്പെടെയുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വിശദ പരിശോധനയ്ക്കു വിധേയനാക്കിയ അഭിനന്ദന്റെ മുഖത്തും ശരീരത്തിലുമുള്ള പരുക്കുകൾ ഭേദമാവുന്നു. പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷ.

അതേസമയം, അഭിനന്ദന്‍ വര്‍ത്തമാന്റെ ശരീരത്തിൽ പാക്കിസ്താന്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മെഡിക്കൽ പരിശോധനയെ ഉദ്ധരിച്ച വാർത്താ എജൻസിയായ എഎൻഐ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പാക്കിസ്താൻ പുറത്തു വിട്ട അഭിനന്ദന്റെ വിഡിയോ ഭീഷണിപ്പെടുത്തിയാണു ചിത്രീകരിച്ചതെന്നു വ്യക്തമായാൽ ജനീവ കൺവൻഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തിയ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും അഭിനന്ദൻ ഇന്നലെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.

അപകടത്തെ കുറിച്ചും മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടി ശേഖരിക്കാൻ അഭിനന്ദനെ ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. വ്യോമസേന ഇന്റലിജൻസ്, ഐബി, റോ എന്നീ ഏജൻസികൾ ആണു വിവരങ്ങൾ ശേഖരിക്കുക.

അതേസമയം, കഴിയുന്നതും പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടുമാണ് ആഗ്രഹം അറിയിച്ചതെന്ന്  ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗ്രഹം സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു.

 

Also Read-  കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത് 24 വര്‍ഷം; ജനമധ്യത്തില്‍ ജീവിതം, കുടുംബം; പിടിയിലായതും യാദൃശ്ചികം

This post was last modified on March 4, 2019 7:51 am

Related Post
Leave a Comment