X

‘സുരേഷ് ഗോപി പാടുമ്പോൾ ജനം ഭയങ്കര കൂവലാണ് മറ്റുവഴികളില്ലാതെ ആ ഭാഗം കട്ട് ചെയ്‌തു’; നിർമ്മാതാവ് ദിനേശ് പണിക്കർ വെളിപ്പെടുത്തുന്നു

സുരേഷ് ഗോപി ഇവിടെ വന്ന് കവിതകൂടി ചൊല്ലുമ്പോഴേക്കും ജനത്തിനത് ഒട്ടും ഇഷ്‌ടപ്പെട്ടില്ല.പക്ഷേ ഒന്നാലോചിച്ചപ്പോൾ അതൊരു നല്ല കവിതയാണെങ്കിൽ കൂടിയും ജനത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് എനിക്കു തോന്നി

പാട്ടുകളുടെ മേന്മകൊണ്ട് മാത്രം സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്ത ചരിത്രമുണ്ട്. എന്നാൽ ചില അവസരങ്ങളിൽ മനോഹരങ്ങളായിട്ടു കൂടി ചില പാട്ടുകൾ സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വരാറുണ്ട്. അത്തരത്തിലൊരു സന്ദർഭം തന്റെ പ്രണയവർണങ്ങൾ എന്ന ഹിറ്റ് ചിത്രത്തിനും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ.

സുരേഷ് ഗോപി, മഞ്ജു വാര്യർ, ദിവ്യാ ഉണ്ണി, ബിജു മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു പ്രണയവർണങ്ങൾ. വിദ്യാസാഗർ ഒരുക്കിയ അതിമനോഹരങ്ങളായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പ്രേക്ഷകരുടെ അപ്രീതി കൊണ്ടു മാത്രം ചിത്രത്തിൽ നിന്ന് ഒരു ഗാനം നീക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിനേശ് പറയുന്നു. ‘ചിത്രത്തിലെ ഒരു സീനിൽ, സുരേഷ് ഗോപി തന്നെ പാടുന്നുണ്ട്. മഞ്ജു വാര്യർ സ്വപ്‌നം കാണുന്ന സീനാണത്. നെരൂദയുടെ ഒരു കവിതയാണ് സുരേഷ് ഗോപി പാടുന്നത്. കവിത പാടുമ്പോൾ ജനം ഭയങ്കര കൂവലാണ്. കാരണം സുരേഷ് ഗോപിയുടെ ഇമേജ് എവിടെ കിടക്കുന്നു. സുരേഷ് ഗോപി ഇവിടെ വന്ന് കവിതകൂടി ചൊല്ലുമ്പോഴേക്കും ജനത്തിനത് ഒട്ടും ഇഷ്‌ടപ്പെട്ടില്ല.പക്ഷേ ഒന്നാലോചിച്ചപ്പോൾ അതൊരു നല്ല കവിതയാണെങ്കിൽ കൂടിയും ജനത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് എനിക്കു തോന്നി. കാരണം, സുരേഷ് ആദ്യമായി റെക്കാഡ് ചെയ്‌ത് പാടുന്ന പാട്ട് ഈ കവിതയാണ്. പക്ഷേ തിയേറ്ററിൽ അത് സ്വീകരിക്കപ്പെടുന്നില്ല എന്ന് കണ്ടതോടെ ആ ഭാഗം കട്ട് ചെയ്‌തു കളഞ്ഞു. കട്ട് ചെയ്‌തു കളഞ്ഞപ്പോൾ ആ സിനിമയുടെ ഗതി തന്നെ മാറുകയായിരുന്നു. 125 ദിവസം ഓടുന്ന ലെവലിലേക്ക് ആ ചിത്രം എത്തി’- ദിനേശ് പണിക്കർ പറയുന്നു.