X

അറയ്ക്കല്‍ രാജകുടുംബത്തിലെ നാല്‍പ്പതാമത് സ്ഥാനിയായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റു

കണ്ണൂര്‍ പ്രദേശത്ത് മാസപ്പിറവി നിര്‍ണ്ണയിക്കുക പോലെയുള്ള ചില പ്രത്യേകാവകാശങ്ങളിലും ആചാരങ്ങളിലും ഇപ്പോഴും അവസാനവാക്ക് അറയ്ക്കല്‍ രാജവംശത്തിനാണ്.

അറയ്ക്കല്‍ രാജകുടുംബത്തിന്റെ നാല്‍പ്പതാമത് അവകാശിയായി സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീ കുഞ്ഞി ബീവി സ്ഥാനമേറ്റു. കണ്ണൂര്‍ അറയ്ക്കല്‍ കെട്ടിലെ അല്‍ മാര്‍ മഹല്‍ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. മുപ്പത്തൊമ്പതാം അവകാശിയായ സുല്‍ത്താന ആദിരാജ ഫാത്തിമാ ബീവിയുടെ മരണത്തെത്തുടര്‍ന്നാണ് മറിയുമ്മ സ്ഥാനമേറ്റടുത്തത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദരസൂചകമായ പൊന്നാട കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചു. അറയ്ക്കല്‍ രാജവംശത്തിന്റെ മഹത് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് സമഭാവനയും സൗഹൃദവും നീതിയും വളര്‍ത്താന്‍ ശ്രമിക്കുമെന്നും മറിയുമ്മ പറഞ്ഞു.

കോലത്തിരി-അറയ്ക്കല്‍ ബന്ധത്തിന്റെ പ്രതീകമായ തമ്പുരാട്ടി വിളക്ക് കൊളുത്തി ആചാര വാളും അറയ്ക്കല്‍ രേഖകളും പണ്ടാര വസ്തുക്കളുടെ താക്കോല്‍ കൂട്ടങ്ങളും കൈമാറിയായിരുന്നു ചടങ്ങ്. മുന്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്തു ബീവിയുടെ മകള്‍ ആദിരാജ ഖദീജ സോഫിയയാണ് അധികാര ചിഹ്നമായ വാള്‍, അറക്കല്‍ കെട്ടിന്റെ താക്കോല്‍കൂട്ടങ്ങള്‍, രേഖകള്‍ എന്നിവ കൈമാറിയത്. സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചറിയ ബീകുഞ്ഞി ബീവിയുടെ മകന്‍ ആദിരാജ അബ്ദുള്‍ ഷുക്കൂറാണ് അധികാര ചിഹ്നങ്ങള്‍ ഏറ്റുവാങ്ങിയത്.

പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും ഭരണ നിര്‍വഹണം നടത്തുന്ന രാജകുടുംബമായിരുന്നു അറയ്ക്കല്‍. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി ലോക ചരിത്രത്തില്‍ തന്നെ അറയ്ക്കല്‍ രാജവംശം ഇടംനേടിയിട്ടുണ്ട്. നൂറ്റാണ്ടുകളോളം ആഴി രാജാക്കന്‍മാര്‍ കൂടിയായിരുന്നു ഇവര്‍. ഉത്തരമലബാറിലെ മുസ്ലിംജനതയുടെ സമ്പൂര്‍ണ്ണ നേതൃത്വമുണ്ടായിരുന്ന അറയ്ക്കല്‍ രാജകുടുംബം ഭരണാധികാരികള്‍ എന്നതിന് പുറമെ, മുസ്ലിംകളുടെ സാമുദായിക നേതൃത്വവും വഹിച്ചിരുന്നു.

കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളായിരുന്നു ഇവരുടെ അധികാര കേന്ദ്രങ്ങള്‍. സാമൂഹ്യമായി നിലനിര്‍ത്തിപ്പോന്ന പ്രാധാന്യം കൈവിടാതെ നിലനിര്‍ത്താന്‍ തന്നെയാണ് കേരളത്തിലെ ഏകമുസ്ലീം രാജവംശമായിരുന്ന അറയ്ക്കലെ പിന്‍മുറക്കാരുടെ ശ്രമം. നിലവില്‍ അറയ്ക്കല്‍ മ്യൂസിയം, കണ്ണൂര്‍ സിറ്റി ജുമാ മസ്ജീദ് എന്നിവയുടെ ചുമതലകളാണ് ഇപ്പോള്‍ പ്രധാനമായും സ്ഥാനിയുടെ അധികാര പരിധിയിലുള്ളത്. പല അധികാരങ്ങളും നഷ്ടപ്പെട്ടെങ്കിലും കണ്ണൂര്‍ പ്രദേശത്ത് മാസപ്പിറവി നിര്‍ണ്ണയിക്കുക പോലെയുള്ള ചില പ്രത്യേകാവകാശങ്ങളിലും ആചാരങ്ങളിലും ഇപ്പോഴും അവസാനവാക്ക് അറയ്ക്കല്‍ രാജവംശത്തിനാണ്.

സ്ഥാനാരോഹണച്ചടങ്ങില്‍ സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശം ഒ.ഉസ്മാന്‍ വായിച്ചു. സി.കെ.എ.ജബ്ബാര്‍ സംസാരിച്ചു. സി.പി.എം. നേതാക്കളായ പി.ജയരാജന്‍, എം.വി.ജയരാജന്‍, ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്ലിം ലീഗ് നേതാക്കളായ സി.സമീര്‍, ഷറഫ് ബംഗളി മൊഹല്ല, എ.ഡി.എം. കെ.മുഹമ്മദ് യൂസഫ് തുടങ്ങിയവരും സംബന്ധിച്ചു. ആദിരാജ ഇംത്യാസ് അഹമ്മദ്, അറക്കല്‍ മ്യൂസിയം ചെയര്‍മാന്‍ ആദിരാജ മുഹമ്മദ് റാഫി,ആദിരാജ സിയാദ്, ആദിരാജ ബാബു, ആദിരാജ കോയമ്മ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇഫ്താര്‍ വിരുന്നോടെയാണ് സ്ഥാനാരോഹണച്ചടങ്ങ് സമാപിച്ചത്.

Read: അറയ്ക്കല്‍ സ്വരൂപം: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ചരിത്രം

Read: അറയ്ക്കല്‍ ബീവിക്കില്ലാത്ത നിഖാബ് എന്തിനാണ് ഈ നാട്ടിലെ മുസ്ലീം സ്ത്രീകള്‍ക്ക്? ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌ ചോദിക്കുന്നു

This post was last modified on May 9, 2019 1:14 pm