X

പി.കെ രാഗേഷ് യുഡിഎഫിനൊപ്പം; കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലതയ്ക്കെതിരെ അവിശ്വാസപ്രമേയം

പി കെ രാഗേഷ് അടുത്തുതന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചന. അദ്ദേഹത്തിന്റെ ജനാധിപത്യസംരക്ഷണസമിതിയും കോണ്‍ഗ്രസില്‍ ലയിക്കും.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലതയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡി എഫ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച കളക്ടര്‍ക്ക് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും. യോഗത്തില്‍ യു.ഡി.എഫിലെ 27-ല്‍ 26 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷിമായി ചേര്‍ന്ന് ഭരണമാറ്റം നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യം രാഗേഷ് സമ്മതിച്ചിട്ടുണ്ട്. പി കെ രാഗേഷ് അടുത്തുതന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചന. അദ്ദേഹത്തിന്റെ ജനാധിപത്യസംരക്ഷണസമിതിയും കോണ്‍ഗ്രസില്‍ ലയിക്കും. അവിശ്വാസപ്രമേയം കഴിഞ്ഞതിനുശേഷമായിരിക്കും രാഗേഷ് കോണ്‍ഗ്രസില്‍ ചേരുക. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സമയത്താണ് രാഗേഷ് കോണ്‍ഗ്രസുമായി അകന്നത്. കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നായിരുന്നു അകല്‍ച്ച. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ സീറ്റുതര്‍ക്കത്തെത്തുടര്‍ന്ന് രാഗേഷും അദ്ദേഹത്തിനൊപ്പമുള്ളവരും വിമതരായി മത്സരിക്കുകയായിരുന്നു. രാഗേഷ് മാത്രമാണ് വിജയിച്ചത്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് രാഗേഷ് തുടരും. മേയര്‍പദവി കോണ്‍ഗ്രസും ലീഗും പങ്കിടും. ആദ്യം കോണ്‍ഗ്രസിനായിരിക്കും മേയര്‍പദവി. കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനാണ് സാധ്യത. ലീഗില്‍ സി.സീനത്തിന്റെ പേരാണ് ഉയര്‍ന്നുവന്നത്.

യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 വീതം കൗണ്‍സിലര്‍മാരെ ലഭിച്ചപ്പോള്‍ നിര്‍ണായകമായ ഒരു വാര്‍ഡില്‍ രാഗേഷിന്റെ വിജയം യു.ഡി.എഫിന്റെ കോര്‍പ്പറേഷന്‍ സ്വപ്നത്തിന് തിരിച്ചടിയാവുകയായിരുന്നു. രാഗേഷിന്റെ ഒറ്റവോട്ടിലാണ് സി പി എമ്മിന്റെ ഇ പി ലത മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. രാഗേഷ് ഡെപ്യൂട്ടി മേയറുമായി. കോര്‍പ്പറേഷന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെയാണ് രാഗേഷ് കോണ്‍ഗ്രസുമായി അടുക്കുന്നത്. ഭരണമാറ്റത്തെക്കുറിച്ച് കെ.സുധാകരന്‍ രാഗേഷുമായി ചര്‍ച്ചനടത്തി.

രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, മുൻ മന്ത്രി, ഒരു സിപിഎം എംഎൽഎ: കാശ്മീരിലെ മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വവും തടങ്കലിൽ